സാല്‍വദോര്‍: ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ചിലി കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍. ഇന്നലെ നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ചിലി അവസാന എട്ടിലേക്ക് യോഗ്യത നേടിയത്. ചിലിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ചിലിക്ക് ആറ് പോയിന്റായി. ആദ്യ മത്സരത്തില്‍ ചിലി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ജപ്പാനെ തകര്‍ത്തിരുന്നു. ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ ഉറുഗ്വെയാണ് ഗ്രൂപ്പില്‍ തൊട്ടുപിന്നില്‍. കളിച്ച രണ്ട് മത്സരവും തോറ്റ ഇക്വഡോറിന് പോയിന്റ് നേടാനായിട്ടില്ല. ഇതോടെ ഇക്വഡോറിന് പുറത്തേക്കുള്ള വഴി ഏറെക്കുറെ തുറന്നു.
ഇക്വഡോറിനെതിരായ കളിയില്‍ ചിലിക്കായി ജോസ് പെഡ്രോ ഫ്യുന്‍സാലിഡയും സൂപ്പര്‍താരം അലക്‌സി സാഞ്ചസും ലക്ഷ്യം കണ്ടു. കണങ്കാലിനേറ്റ പരിക്ക് വകവയ്‌ക്കാതെയായിരുന്നു സാഞ്ചസ് ഗോളുമായി തിളങ്ങിയത്. 89-ാം മിനിറ്റില്‍ പ്രതിരോധ താരം ഗബ്രിയേല്‍ അചിലിയര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ഇക്വഡോറിന് തിരിച്ചടിയായി. ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഗബ്രിയേലിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്.
പന്തടക്കത്തില്‍ ഇക്വഡോറിനായിരുന്നു മുന്‍തൂക്കം. കളിയുടെ 54 ശതമാനവും പന്ത് നിയന്ത്രിച്ചെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ചിലി സാഞ്ചസിന്റെയും വര്‍ഗാസിന്റെയും വിദാലിന്റെയും കരുത്തില്‍ നിരവധി തവണ ഇക്വഡോര്‍ ബോക്‌സില്‍ ഭീതിപടര്‍ത്തുകയും ചെയ്തു.
കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ജോസ് പെട്രോ ഫ്യൂന്‍സാലിഡയുടെ ഗോളില്‍ ചിലി മുന്നിലെത്തി. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ ജോസ് പെഡ്രോ ഫ്യുന്‍സാലിഡ ചിലിയെ മുന്നിലെത്തിച്ചു. എന്നാല്‍ 26-ാം മിനിറ്റില്‍ ഇക്വഡോറിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റിയെടുത്ത എന്നര്‍ വലന്‍സിയക്ക് പിഴച്ചില്ല. ഇതോടെ ഇക്വാഡോറും ചിലിയും ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പമെത്തി.
രണ്ടാം പകുതി ആരംഭിച്ച അധികം കഴിയും മുന്‍പേ ചിലി വിജയഗോളും കണ്ടെത്തി. 51-ാം മിനിറ്റില്‍ ചാള്‍സ് അരാന്‍ഗ്വസിന്റെ ക്രോസ് സ്വീകരിച്ച് വലംകാലുകൊണ്ട് അലക്‌സി സാഞ്ചസ് പായിച്ച ഷോട്ട് ഇക്വഡോര്‍ വലയില്‍ കയറി. ജപ്പാനെതിരായ കഴിഞ്ഞ മത്സരത്തിലും സാഞ്ചസ് ഗോള്‍ നേടിയിരുന്നു. അടുത്ത മത്സരത്തില്‍ ചിലിക്ക് എതിരാളികള്‍ ഉറുഗ്വെയാണ്. 25ന് പുലര്‍ച്ചെ 4.30നാണ് ഈ മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ജപ്പാനുമായി ഏറ്റുമുട്ടും. രണ്ട് കളികളില്‍ നിന്ന് 1 പോയിന്റുമായി മൂന്നാമതാണ് ജപ്പാന്‍.
















