സാല്‍വദോര്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ വല കുലുക്കിയിട്ടും ബ്രസീലിന് വെനസ്വേലക്കെതിരെ ഗോള്‍രഹിത സമനില. ഒരു തവണ റഫറി ഫൗള്‍ വിളിച്ചപ്പോള്‍ മറ്റ് രണ്ട് തവണ ഓഫ് സൈഡ് കെണിയിലായി. 69 ശതമാനം പന്ത് കൈവശം വച്ചും 19 ഷോട്ടുകള്‍ പായിച്ചും എതിരാളികളായ വെനസ്വേലയെ കളിക്കളത്തില്‍ പലപ്പോഴും ബ്രസീല്‍ നിഷ്പ്രഭമാക്കിയെങ്കിലും കാര്യമുണ്ടായില്ല. രണ്ട് മത്സരങ്ങളില്‍ ഒന്നു വീതം ജയവും തോല്‍വിയുമായി ഗ്രൂപ്പ് എ-യില്‍ ഒന്നാമതാണ് ബ്രസീല്‍. തുടര്‍ച്ചയായ രണ്ട് സമനിലയിലൂടെ നേടിയ രണ്ട് പോയിന്റുമായി വെനസ്വേല ഗ്രൂപ്പില്‍ മൂന്നാമത്.
ആദ്യ മത്സരത്തില്‍ ബൊളീവിയയെ 3-0ന് ബ്രസീല്‍ തോല്‍പ്പിച്ചിരുന്നു. തുടര്‍ജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയപ്പോള്‍ വെനസ്വേലയുടെ പ്രതിരോധത്തേക്കാള്‍ മഞ്ഞപ്പടയ്‌ക്ക് വിലങ്ങുതടിയായത് വാറും മോശം റഫറിയിങ്ങുമായിരുന്നു.
ആദ്യം ഫിര്‍മിഞ്ഞോയുടെ ഊഴമായിരുന്നു. 39-ാം മിനിറ്റില്‍ അലാവെസ് പെനാല്‍റ്റി ബോക്സിലേക്ക് നല്‍കിയ ഒരു ക്രോസ് ഫിര്‍മിഞ്ഞോ വലയിലെത്തിച്ചു. അതിനിടയില്‍ എതിര്‍ താരത്തെ ഫൗള്‍ ചെയ്തതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിച്ചാര്‍ലിസണ് പകരം ഗബ്രിയേല്‍ ജീസസിനെ ഇറക്കി ബ്രസീല്‍ മുന്നേറ്റത്തിന് കരുത്തുകൂട്ടി. 60-ാം മിനിറ്റില്‍ ജീസസ് വല കുലുക്കുകയും ചെയ്തു. എന്നാല്‍ ഇത് ഓഫ് സൈഡായി. പന്ത് വ്യതിചലിച്ച് ഓഫ്സൈഡ് ആയിരുന്ന ഫിര്‍മിഞ്ഞോയുടെ ദേഹത്ത് തട്ടിയായിരുന്നു ജീസസിന് അടുത്തെത്തിയത്. അത് ഗോളാക്കിയെങ്കിലും ഫിര്‍മിഞ്ഞോയുടെ അടുത്ത് പന്ത് എത്തുമ്പോള്‍ ഫിര്‍മിന്യോ ഓഫ്സൈഡ് ആയിരുന്നു. വാറില്‍ ഇതു വ്യക്തമായതോടെ ഈ ഗോളും നിഷേധിക്കപ്പെട്ടു. പിന്നീട് 87-ാം മിനിറ്റില്‍ കുടീഞ്ഞോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വീണ്ടും വലകുലുക്കിയെങ്കിലും അത് വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു. മത്സരത്തിനു തൊട്ടുപിന്നാലെ വാര്‍ സംവിധാനത്തിനെതിരായ നിലപാടുകളുമായി ബ്രസീല്‍ ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
















