ന്യൂദല്‍ഹി: നവോത്ഥാനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരായ നീക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ അകന്നതാണ് കേരളത്തിലെ കനത്ത തോല്‍വിയുടെ കാരണം. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതിരുന്നതും വീഴ്ചയുടെ ആഴം വര്‍ധിപ്പിച്ചു. പാര്‍ട്ടിയില്‍നിന്നും അകന്ന വിശ്വാസികളെ തിരിച്ചെത്തിക്കണം. അതിനുള്ള നടപടികള്‍ സംസ്ഥാന നേതൃത്വം ആലോചിച്ച് തീരുമാനിക്കണമെന്നും മൂന്ന് ദിവസങ്ങളിലായി ദല്‍ഹി എകെജി ഭവനില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്ന് വിലയിരുത്തിയ യോഗം ‘ജനപിന്തുണ’ തിരിച്ചുപിടിക്കാന്‍ 11 ഇന കര്‍മപരിപാടികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കാത്തതും വിമര്‍ശിക്കപ്പെട്ടു.
ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ചതും ന്യൂനപക്ഷങ്ങള്‍ കൈവിട്ടതുമാണ് തിരിച്ചടിക്ക് കാരണമായി കേരളത്തിലെ നേതൃത്വം വിശദീകരിച്ചിരുന്നത്. എന്നാല്‍, ഇത് പാടെ തള്ളുകയാണ് കേന്ദ്ര കമ്മിറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയില്‍ നടപ്പാക്കിയ യുവതീപ്രവേശനം പരമ്പരാഗതമായി ലഭിച്ചിരുന്ന ഹിന്ദു വോട്ടുകള്‍ ചോര്‍ത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എത്തിനില്‍ക്കുന്നത്.
















