തിരുവനന്തപുരം : ഹോട്ടലുകള്‍ക്കും റിസോട്ടുകള്‍ക്കും എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ എം.എം. മണിക്ക് കത്ത് നല്‍കി.
കെഡിഎച്ച് വില്ലേജ്, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍ തുടങ്ങിയ വില്ലേജുകളിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമാണ് നിലവില്‍ കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മൂന്നാര്‍ ദൗത്യകാലത്ത് കൈയേറ്റ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടികള്‍ ശരിയാണെന്ന് കോടതികള്‍ അംഗീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരിച്ചുപിടിച്ച കൈയേറ്റങ്ങളും പൊളിച്ചു കളഞ്ഞ നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നടക്കുന്ന കേസുകളെപ്പോലും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത് ഇടതുപക്ഷ നിലപാടിനോട് യോജിക്കുന്നതല്ലെന്നും വിഎസിന്റെ കത്തില്‍ പറയുന്നുണ്ട്.
















