അഞ്ചു വര്‍ഷം മുമ്പ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദി തരംഗമെന്ന വാക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആദ്യമായി ഉയര്‍ന്നു കേട്ടത്. മോദിതരംഗം മാധ്യമ സൃഷ്ടിയെന്ന് പരിഹസിച്ച് തള്ളിയ കോണ്‍ഗ്രസ്സിനെ ഞെട്ടിച്ച് ഒറ്റക്ക് ഭൂരിപക്ഷവുമായി ബിജെപി അധികാരത്തിലേറി. പിന്നീടങ്ങോട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം വൈറലായ ഈ വാക്കിന് പിന്നാലെയായിരുന്നു രാഷ്ട്രീയലോകം.
ബിജെപി പിന്നിലാകുമ്പോഴൊക്കെ മോദിതരംഗം അവസാനിച്ചുവെന്ന അവകാശവാദവുമായി പ്രതിപക്ഷം രംഗത്തെത്തും. മോദിതരംഗം ഇല്ലെന്ന എതിരാളികളുടെ പ്രചാരണത്തിന് മോദി ഇത്തവണ നല്കിയ മറുപടി ഇങ്ങനെയായിരുന്നു- ”തരംഗം രാജ്യത്തെ ഓരോ വീടുകളിലുമാണ്”. ചരിത്രത്തിലെ ഏറ്റവും വലിയ അംഗ സംഖ്യയോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ മോദിയുടെ വാക്കുകള്‍ സത്യമായി മാറുകയാണ്. ഒരു കോട്ടവും സംഭവിച്ചില്ലെന്ന് മാത്രമല്ല, പ്രതിപക്ഷങ്ങളെയൊന്നാകെ തകര്‍ത്തെറിഞ്ഞ സുനാമിയായി മോദിതരംഗം ആഞ്ഞടിച്ചു.
ശക്തനായ പ്രധാനമന്ത്രി
മോദിയും രാഹുലും തമ്മിലായിരുന്നു 2014ലെ പോരാട്ടമെങ്കില്‍ 2019ലെത്തിയപ്പോള്‍ അത് മോദിയും മറ്റുള്ളവരും എന്ന നിലയിലേക്ക് മാറി. പരസ്പരം മത്സരിച്ചിരുന്ന പാര്‍ട്ടികള്‍ പോലും മോദിക്കെതിരെ ഒറ്റക്കെട്ടായിരുന്നു. ബിജെപിയുടെ പടനായകനെതിരെ അവര്‍ വ്യാജ പ്രചാരണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞു. ഏറ്റവും പ്രതികൂല സാഹചര്യങ്ങള്‍ പോലും അനുകൂലമാക്കാന്‍ ശേഷിയുള്ള നേതൃപാടവമുള്ള മോദി പ്രതിപക്ഷ വിമര്‍ശങ്ങളെ വോട്ടുകളായി മാറ്റുന്നതാണ് പിന്നീട് കണ്ടത്. ശക്തനായ നേതാവെന്ന വിശേഷണമായിരുന്നു ഈ തെരഞ്ഞെടുപ്പിലെ മോദിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.
പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണം മോദിക്ക് വീരനായകന്റെ പരിവേഷം നല്കി. ഭീകരാക്രമണങ്ങളെ അപലപിച്ചും ഞെട്ടല്‍ രേഖപ്പെടുത്തിയും മറന്നുകളയുന്നതിന് പകരം രാജ്യസുരക്ഷക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തന്റേടമുള്ള ഭരണാധികാരിയായി മോദിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റി. 2016ലെ ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി നല്കിയ മിന്നലാക്രണം യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ദേശ സുരക്ഷ പ്രധാന പ്രചാരണ വിഷയമാക്കാനും മോദിക്ക് സാധിച്ചു.
പ്രതിപക്ഷം ഏറെ ആരോപണമുന്നയിച്ച നോട്ട് റദ്ദാക്കലും ശക്തനായ നേതാവെന്ന വിശേഷണത്തിന് മാറ്റ് കൂട്ടി. സാമ്പത്തികവും സൈനികവുമായി ഇന്ത്യ ലോക ശക്തിയായി മാറുന്നതും ലോകരാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകരണങ്ങളും പ്രശംസയും ജനങ്ങളെ ചിന്തിപ്പിച്ചു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നടപ്പാക്കാതിരുന്ന ജിഎസ്ടിയും വണ്‍ റാങ്ക് വണ്‍ പെന്‍ഷനും യാഥാര്‍ത്ഥ്യമാക്കിയത് ശക്തമായ തീരുമാനമെടുക്കാനും നടപ്പാക്കാനും ആര്‍ജ്ജവമുള്ള പ്രധാനമന്ത്രിയെന്ന വിശേഷണം നല്കി. ‘ചൗക്കീദാര്‍ ചോര്‍’ എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ ‘ചൗക്കീദാര്‍ സ്ട്രോംഗ്’ എന്നാണ് ജനങ്ങള്‍ പ്രതികരിച്ചത്.
അജ@ നിശ്ചയിച്ചതും മോദി
ഏഴ് ഘട്ടങ്ങളിലായി നടന്ന പ്രചാരണത്തിന്റെ അജണ്ട നിശ്ചയിച്ചത് മോദിയായിരുന്നു. അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ സാധിക്കുന്ന ഒരാരോപണവും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല. പകരം മോദി ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയെന്നത് മാത്രമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണം മാറി. അഴിമതി വിരുദ്ധ പ്രതിഛായയുള്ള മോദിക്കെതിരെ റഫാല്‍ ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ വിശ്വാസത്തിലെടുത്തില്ല. സുപ്രീം കോടതിയില്‍നിന്നുള്ള തിരിച്ചടിയും കോണ്‍ഗ്രസ്സിനെ തളര്‍ത്തി. രാഹുലും സോണിയയും ഉള്‍പ്പെടെ അഴിമതിയുടെ പര്യായങ്ങളായി മുദ്രകുത്തി ഇന്ത്യന്‍ ജനത വലിച്ചെറിഞ്ഞിരുന്നവരുടെ ആരോപണങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പ്പിക്കപ്പെട്ടില്ല.
ദേശസുരക്ഷയില്‍ ഊന്നിയായിരുന്നു ആദ്യ ഘട്ടങ്ങള്‍. ബാലാകോട്ടിലെ തിരിച്ചടിയും മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതും നേട്ടമായി ഉയര്‍ത്തിക്കാട്ടി. ബാങ്ക് അക്കൗണ്ടില്‍ പണം നല്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചെങ്കിലും ചര്‍ച്ചയാക്കാന്‍ മോദി അനുവദിച്ചില്ല. ബലാകോട്ട് സംബന്ധിച്ച വിവാദ പ്രസ്താവനയിലൂടെ പ്രതിപക്ഷത്തിന്റെ ആക്രമണം മനപ്പൂര്‍വ്വം ക്ഷണിച്ചുവരുത്തിയ അദ്ദേഹം പ്രചാരണം വീണ്ടും ദേശസുരക്ഷയിലെത്തിച്ചു. കേരളത്തില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമായതും മോദിയുടെ കോഴിക്കോട് റാലിക്ക് ശേഷമാണ്. സിഖുകാര്‍ക്ക് നിര്‍ണായക വോട്ടുള്ള ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ വോട്ടെടുപ്പിന് മുന്നോടിയായി രാജീവ് ഗാന്ധിയെ പ്രചാരണത്തിലേക്ക് എടുത്തിട്ട് മോദി സിഖ് വിരുദ്ധ കലാപം ചര്‍ച്ചയാക്കി. അവസാനവട്ട വോട്ടെടുപ്പില്‍ മോദിയുടെ കൈലാസ യാത്രയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത പ്രതിപക്ഷം ഹിന്ദു വോട്ടുകള്‍ ബിജെപിയിലെത്തിച്ചു.
മത്സരം മോദിയും മോദിയും തമ്മില്‍
ജനങ്ങളുമായി ബന്ധമില്ലാത്ത ‘ലൂട്ടിയന്‍സ് ദല്‍ഹി’യുടെയും ‘ഘാന് മാര്‍ക്കറ്റ് ഗാങ്ങു’കളുടെയും നേതാവല്ല മോദി. രാജ്യത്തെ സാധാരണക്കാരുടെയും ദരിദ്രരുടെയും ആശ്രയമായി മാറാന്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിലൂടെ അദ്ദേഹത്തിന് സാധിച്ചു. ആറ് പതിറ്റാണ്ട് ഭരിച്ചവര്‍ കക്കൂസ് പോലും നല്‍കാത്ത ജനങ്ങള്‍ക്ക് മോദി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കി.
വീട്, ആരോഗ്യ ഇന്‍ഷൂറസ്, എല്‍പിജി കണക്ഷന്, ബാങ്ക് അക്കൗണ്ട്, കൃഷിക്കാര്‍ക്കുള്ള ധനലഹായം, മുദ്രാ ലോണ്‍, വൈദ്യുതി തുടങ്ങി ജനങ്ങളുടെ അവകാശമായിരുന്ന സേവനങ്ങള്‍ സാധാരണക്കാരന് ലഭിച്ച് തുടങ്ങിയത് മോദി വന്നതിന് ശേഷമാണ്. ഒരിക്കലും തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കരുതിയിരുന്ന സഹായങ്ങള്‍ ദരിദ്രര്‍ക്ക് പടിവാതില്‍ക്കലില്‍ എത്തി. വീടുകളിലാണ് മോദി തരംഗമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഇതാണ് അടിസ്ഥാനവും.
കഴിഞ്ഞ തവണത്തെപ്പോലെ മോദിക്ക് പകരം വെക്കാന്‍ പ്രതിപക്ഷത്ത് നേതാവുണ്ടായിരുന്നില്ല. മോദിയുടെ മത്സരം 2014ലെ മോദിയുമായിട്ടായിരുന്നു. കൂടുതല്‍ സീറ്റ് നേടി അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. അര്‍ബന്‍ നക്സലുകളുടെയും വിദേശ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെയും വ്യാജപ്രചാരണങ്ങളെ മറികടന്ന് ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള മോദിയുടെ കഴിവ് കഴിഞ്ഞ അഞ്ച് വര്‍ഷമായി അത്ഭുതത്തോടെയാണ് രാജ്യം കാണുന്നത്. തന്റെ സന്ദേശം കൃത്യമായി ജനങ്ങളെ അറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മാധ്യമ അജണ്ടകളില്‍ വീഴാതെ തനിക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം അവരെ ഉപയോഗിക്കുകയെന്ന തന്ത്രമാണ് മോദി സ്വീകരിച്ചത്. സമൂഹമാധ്യമങ്ങളും റേഡിയോയിലെ മന് കീ ബാത്തും ജനങ്ങളിലെത്താന്‍ കാര്യക്ഷമമായി ഉപയോഗിച്ചു.
പൊതുറാലികളാണ് ജനങ്ങളുമായി സംവദിക്കാന്‍ മോദി ആശ്രയിച്ച മറ്റൊരു ഘടകം. ഈ തെരഞ്ഞെടുപ്പില്‍ ഫെബ്രുവരി മുതല്‍ മെയ് 17 വരെ 142 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഒരു ദിവസം അഞ്ചിലധികം റാലികള്‍ വരെ പങ്കെടുത്തു. വാരണാസിയില്‍ അടക്കം നാല് റോഡ് ഷോകള്‍ നടത്തി. ഒന്നരക്കോടി ജനങ്ങളെ കണ്ടു. രാജ്യമെങ്ങും 1.05 ലക്ഷം കിലോമീറ്റര്‍ പ്രചാരണത്തിനായി യാത്ര ചെയ്തു. പതിനായിരത്തോളം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
റാലികളില്‍ ഏറെ ആവേശത്തോടെ കാണപ്പെടുന്ന മോദി തനിക്ക് പറയാനുള്ളത് പഞ്ച് ഡയലോഗുകളിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് വിക്ഷേപിച്ചുകൊണ്ടിരുന്നു. ”പ്രതിപക്ഷം പരിഹസിച്ച പലതും ജനങ്ങള്‍ മോദിയുടെ വിജയമായി കണ്ടു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുപിയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ എല്ലാവരും പറഞ്ഞത് മോദിക്കാണ്, എംപിക്കല്ല വോട്ട് എന്നാണ്. പ്രസിഡന്‍ഷ്യല്‍ മോഡല്‍ തെരഞ്ഞെടുപ്പാണ് അവര്‍ കണ്ടത്”. മാധ്യമപ്രവര്‍ത്തകയായ കൂമി കപൂര്‍ പറയുന്നു. പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പ് എന്തായിരുന്നുവെന്ന് ഈ വാക്കുകള്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: