ന്യൂദല്‍ഹി: അവസാനഘട്ട വോട്ടെടുപ്പ് നാളെ. ഇതോടെ ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന് സമാപനമാകും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ബിഹാര്‍ (8), ഝാര്‍ഖണ്ഡ് (3), മധ്യപ്രദേശ് (8), പഞ്ചാബ് (13), ബംഗാള്‍ (9), ചണ്ഡീഗഡ് (1), ഉത്തര്‍ പ്രദേശ് (13), ഹിമാചല്‍ പ്രദേശ് (4) എന്നിങ്ങനെ ആറ് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11ന് ആയിരുന്നു ആദ്യഘട്ടം. 23നാണ് ഫലപ്രഖ്യാപനം. ബിഹാര്‍, യുപി, ബംഗാള്‍ എന്നിവിടങ്ങളില്‍ എല്ലാഘട്ടത്തിലും വോട്ടെടുപ്പ് നടന്നു. ബംഗാളിലെ അക്രമം ഒഴിച്ചുനിര്‍ത്തിയാല്‍ പൊതുവെ സമാധാനപരമായിരുന്നു തെരഞ്ഞെടുപ്പ്.
പരസ്യപ്രചാരണത്തിന് ശേഷവും ബംഗാളില്‍ അക്രമം തുടരുകയാണ്. നോര്‍ത്ത് 24 പര്‍ഗാനസില്‍ ബിജെപി നേതാവ് മുകുള്‍ റോയിയുടെയും സ്ഥാനാര്‍ത്ഥി സമിക് ഭട്ടാചാര്യയുടെയും വാഹനങ്ങള്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. നേതാക്കള്‍ സ്ഥലത്തില്ലാത്തതിനാല്‍ അക്രമത്തിന് ഇരയായില്ല. കഴിഞ്ഞയാഴ്ച സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവര്‍ക്കുനേരെയും ആക്രമണം നടന്നിരുന്നു. കല്‍ക്കത്തയില്‍ അമിത്ഷായുടെ റോഡ് ഷോക്കിടെയും തൃണമൂല്‍ അക്രമം നടത്തി.
എല്ലാഘട്ടത്തിലും ബംഗാളില്‍ അക്രമങ്ങള്‍ അരങ്ങേറിയത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ ബംഗാളില്‍ 710 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 34 കമ്പനി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ചുമതലയാണുള്ളത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം വ്യാഴാഴ്ച രാത്രി 10ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാനിപ്പിച്ചിരുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 19ന് വൈകിട്ട് ആറു മണിയോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവരും. വിവിധ ചാനലുകളും ഏജന്‍സികളും ഇത് നടത്തിവരികയാണ്.
















