ന്യൂദല്‍ഹി: നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരും അവരോട് അടുപ്പമുള്ളവരും വര്‍ഷങ്ങളോളം തന്നെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചിട്ട് ഇപ്പോള്‍ അവര്‍ തനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദവികളെ മാനിക്കണം എന്നാണ് അവരിപ്പോള്‍ ഉപദേശിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സോണിയ ഗാന്ധി മരണത്തിന്റെ വ്യാപാരി എന്നു വിളിച്ചു. ഇപ്പോള്‍ പ്രിയങ്ക ദുര്യോധനന്‍ എന്നു വിളിക്കുന്നു. സൈനികരുടെ രക്തത്തിന്റെ ബ്രോക്കര്‍ എന്നാണ് രാഹുല്‍ അധിക്ഷേപിച്ചത്. ഔറംഗസേബ് എന്നും ഹിന്ദു ഭീകരവാദിയെന്നും വിളിച്ചു ആ കുടുംബത്തോട് അടുപ്പമുള്ളവര്‍. ഇപ്പോള്‍ ആ കുടുംബത്തില്‍പ്പെട്ട മുന്‍ പ്രധാനമന്ത്രിയെക്കുറിച്ച് വസ്തുതാപരമായ ഒരു കാര്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇത്ര അസ്വസ്ഥമാവുന്നത് എന്തിന്? ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ മോദി ചോദിച്ചു.
പദവിയെ അപമാനിക്കുന്നു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ തന്നെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പുറപ്പെടുവിച്ച ഉത്തരവ് വലിച്ചു കീറി അദ്ദേഹത്തെ അപമാനിച്ചത് രാഹുല്‍ അല്ലേ? ദളിതനായ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ആന്‍ജയ്യാജിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് അപമാനിച്ചത് രാജീവ് ഗാന്ധിയല്ലേ? മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു എന്നു പറയുന്നവരോടു ചോദിക്കട്ടെ. എത്ര മുന്‍ പ്രധാനമന്ത്രിമാരെയാണ് അധികാരത്തില്‍ നിന്നു പുറത്താക്കി കോണ്‍ഗ്രസ് അപമാനിച്ചത്. താത്ക്കാലിക ലാഭത്തിനു വേണ്ടി ചരണ്‍ സിങ്ങിനെ അവര്‍ പ്രധാനമന്ത്രിയാക്കി. ഏതാനും നാളുകള്‍ക്കുള്ളില്‍ പിന്തുണ പിന്‍വലിച്ചു പുറത്താക്കി. ചന്ദ്രശേഖറിനോടും ഐ.കെ. ഗുജ്‌റാളിനോടും അവര്‍ ഇതു തന്നെയല്ലേ ചെയ്തത്?
















