ന്യൂദല്‍ഹി: തന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ ശ്രമിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരേയും കിഴക്കന്‍ ദല്‍ഹിയിലെ ആപ്പ് സ്ഥാനാര്‍ത്ഥി അതിഷി മര്‍ലേനയ്‌ക്കെതിരേയും അപകീര്‍ത്തി കേസ് നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍. കേജ്‌രിവാള്‍ ആഭാസനാണ്. അതിഷിയാകട്ടെ തനിക്കെതിരെ ഉയര്‍ത്തിയത് അവഹേളനപരവും അധിക്ഷേപകരവുമായ പ്രസ്താവനകളാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
തന്നെ അവഹേളിക്കുന്ന തരത്തില്‍ മണ്ഡലത്തിലുടനീളം ഗംഭീര്‍ ലഘുലേഖകള്‍ വിതരണം ചെയ്‌തെന്ന് ആരോപിച്ച് അതിഷി കഴിഞ്ഞ ദിവസം കണ്ണീരൊഴുക്കി സംസാരിച്ചിരുന്നു. ‘അതിഷി മര്‍ലേന- അറിയൂ നിങ്ങളുടെ സ്ഥാനാര്‍ഥിയെ’ എന്ന തലക്കെട്ടോടെയായിരുന്നു ലഘുലേഖയെന്നും ഇതില്‍ കേജ്‌രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും അവഹേളിക്കുന്ന ഭാഷകള്‍ ഉപയോഗിച്ചിരുന്നെന്നുമാണ് അതിഷി ആരോപിച്ചത്.
തനിക്ക് രണ്ട് പെണ്‍കുട്ടികളാണെന്നും താന്‍ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഈ സംഭവത്തിന് ശേഷം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ആര്‍ക്കെങ്കിലും ഇത്രയും തരംതാഴാന്‍ കഴിയുമോ? തന്റെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കേജ്‌രിവാളാണെന്ന കാര്യത്തില്‍ തനിക്ക് നാണകേടുണ്ടെന്നും ഇത്തരത്തില്‍ തരംതാഴ്ന്ന ആളാണ് മുഖ്യമന്ത്രി എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ദല്‍ഹി വിട്ട് താന്‍ ഓടിപോയാനെയെന്നും ഗംഭീര്‍ പറഞ്ഞു.
ഈ സംഭവത്തില്‍ തനിക്ക് പങ്കൊന്നുമില്ലെന്നും ഇത് തെളിയിക്കുകയാണെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് ഉടന്‍ പിന്‍മാറാം. മറ്റൊരു തരത്തില്‍ തെളിയിച്ചാല്‍ അവര്‍ രാഷ്‌ട്രീയം ഉപേക്ഷിക്കുമോ എന്നും ഗംഭീര്‍ ചോദിച്ചു.
















