ഹൈദരാബാദ്: വിസ തട്ടിപ്പിനിരയായി ഖത്തറില്‍ കുടുങ്ങിയ നേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി കേന്ദ്ര വിദേശകാര്യമന്ത്രി സുരക്ഷ സ്വരാജ്. ഹൈദരാബാദ് സ്വദേശിനി സൈദ മറിയമാണ് സുഷമസ്വരാജിന്റെ അവസരോചിതമായ ഇടപെടലില്‍ നാട്ടിലെത്തിയത്.
പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് ഫാത്തിമ എന്ന ഏജന്റ് സൈദയെ ഖത്തറില്‍ എത്തിച്ചത്. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിദേശത്ത് ജോലിക്ക് പോകാനുള്ള തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 11ന് ഖത്തറിലെത്തിയ സൈദയെ ഫാത്തിമയെന്ന് തന്നെ പേരുള്ള മറ്റൊരു ഏജന്റാണ് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഗോപാല്‍ എന്നയാളുടെ ഓഫീസിലെത്തിച്ചശേഷം അവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം നാല് ദിവസം പൂട്ടിയിടുകയായിരുന്നു.
പിന്നീട് ഖത്തറില്‍ നേഴ്‌സിന്റെ ജോലി ഇല്ലെന്ന് അറിയിച്ച് ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കാരിയായി ഇവരെ അയയ്‌ക്കുകയായിരുന്നു. ആ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ വീട്ടുടമ ഖത്തറിലെ ഇന്ത്യന്‍ എംബസിയിലെത്തിച്ച് അധികൃതര്‍ക്ക് കൈമാറി. എംബസി ഉദ്യോഗസ്ഥര്‍ ഗോപാലുമായി ബന്ധപ്പെട്ടു. സമാനമായ മറ്റ് മൂന്ന് തട്ടിപ്പു കേസുകള്‍ ഇയാള്‍ക്കെതിരെ ഉള്ളതായി എംബസി മനസിലാക്കുകയും ഖത്തര്‍ അധികൃതര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ സൈദയുടെ അമ്മ തബസും ബീഗം വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കാര്യങ്ങള്‍ വിശദീകരിച്ച് പരാതി അയച്ചതോടെയാണ് വിശദ വിവരങ്ങള്‍ പുറത്തറിയുന്നത്. വിദേശകാര്യ മന്ത്രിയുടെ ഇടപെടലിന് പിന്നാലെ എംബസി അധികൃതര്‍ വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടു. ഏജന്റിനെ ബന്ധപ്പെട്ട് എത്രയും വേഗം സൈദയെ നാട്ടിലേക്ക് അയക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതിന് സൈദ സുഷമ സ്വരാജിന് നന്ദി അറിയിച്ചിട്ടുണ്ട്.















