ന്യൂദല്‍ഹി: എഫ്.സി.5 ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരേ നല്‍കിയ കേസ് പിന്‍വലിക്കാമെന്ന് ബഹുരാഷ്‌ട്ര കമ്പനിയായ പെപ്‌സികോ. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനമെന്ന് പെപ്‌സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചു.
ഭക്ഷ്യഉത്പന്നമായ ലയ്‌സ് ചിപ്‌സിന്റെ നിര്‍മ്മാതാക്കളായ പെപ്‌സികോ കുത്തകാവകാശം സ്വന്തമാക്കിയ എഫ്.സി.5 എന്ന ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരേ കേസ് നല്‍കിയത്.
കുത്തകാവകാശം നേടിയ ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഓരോ കര്‍ഷകരും ഒരു കോടി രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാല്‍ പെപ്‌സികോയുടെ നടപടിക്കെതിരേ വ്യാപകമായി പ്രതിഷേധമുയര്‍ന്നു. ഇതോടെ ഗുജറാത്ത് സര്‍ക്കാരും പ്രശ്‌നത്തില്‍ ഇടപെട്ടു.
കര്‍ഷകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ പെപ്‌സികോയുമായി ചര്‍ച്ച നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എഫ്.സി. 5 ഇനം ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് വില്‍ക്കാന്‍ തയ്യാറായാല്‍ നഷ്ടപരിഹാരക്കേസില്‍നിന്ന് പിന്മാറാമെന്ന് പെപ്‌സികോയും അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്‌സികോ വ്യക്തമാക്കിയത്.















