ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡീഷാ തീരത്തെത്തുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പതിനൊന്നര ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇന്നലെ രാത്രി വൈകിയും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റു വീശുക. തീരദേശ മേഖലയില്‍ ശക്തമായ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും സൈന്യവും അതീവജാഗ്രതയിലാണ്. 14 ജില്ലകളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ഹൗറയില്‍ നിന്ന് പുരിയിലേക്കും ദക്ഷിണേന്ത്യയിലേക്കുമുള്ള നൂറ്റിമൂന്നോളം ട്രെയിനുകള്‍ ദക്ഷിണ-പൂര്‍വ റെയില്‍വേ ഇതുവരെ റദ്ദാക്കി. ഹൗറാ-ചെന്നൈ സെന്‍ട്രല്‍ കൊറമാന്‍ഡല്‍ എക്‌സ്പ്രസ്, പാട്‌ന-എറണാകുളം എക്‌സ്പ്രസ്, ഭുവനേശ്വര്‍-രാമേശ്വരം എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയവയില്‍ പെടുന്നു.
ഫോനിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, കാലാവസ്ഥാ വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ തീരദേശ വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായും, മുന്‍കരുതലുകള്‍ ഉറപ്പുവരുത്തിയെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു ട്വീറ്റ് ചെയ്തു.
ചുഴലിക്കാറ്റിനെതുടര്‍ന്ന് 20 സെ.മീ. വരെ തീവ്രതയുള്ള മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഡോക്ടര്‍മാരും മുങ്ങല്‍ വിദഗ്ധരുമടങ്ങുന്ന നാവികസേനയുടെ രണ്ട് കപ്പലുകള്‍ വിശാഖപട്ടണത്തും ചെന്നൈയിലും സജ്ജമാണ്.















