ബെംഗളൂരു: മദ്യലഹരിയില്‍ കാട്ടാനയ്‌ക്ക് ഉമ്മ നല്‍കാന്‍പോയ യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മാലൂരിലെ ഡി.എന്‍. ദൊഡ്ഡി വില്ലേജിലാണ് സംഭവം.
കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഇവിടെ കഴിഞ്ഞ കുറെ ദിവസങ്ങളായി ആറ് കാട്ടാനകളുടെ ശല്യമുണ്ടായിരുന്നു. ഇവയെ കാട്ടിലേക്ക് തുരത്താന്‍ വനംവകുപ്പ്-പോലിസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെയാണ് മദ്യലഹരിയിലായ രാജു (24) സിനിമാസ്‌റ്റൈലില്‍ കാട്ടാനയുടെ അടുത്തേക്ക് പോയത്.
കന്നട സിനിമയിലെ നായകന്‍ ആനയെ ഉമ്മ വയ്‌ക്കുന്നതു പോലെ താനും ചെയ്യുമെന്ന് വീരവാദം മുഴക്കി കാട്ടാനയുടെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് രാജുവിനെ കണ്ടെത്തിയത്. കാട്ടാനയെ തുരത്തുന്നത് കാണാന്‍ നിരവധി നാട്ടുകാരെത്തിയിരുന്നു. പലരും ആനകളുടെ ഫോട്ടോയെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ആളുകള്‍ നിന്നിരുന്ന ഭാഗത്തേക്ക് കാട്ടാനകള്‍ എത്തിയപ്പോള്‍ ഓടുന്നതിനിടയില്‍ മരത്തിലിടിച്ചാകാം രാജുവിന് അപകടം സംഭവിച്ചതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.















