ന്യൂദല്‍ഹി: നേപ്പാള്‍ അതിര്‍ത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ കാല്‍പ്പാടുകള്‍ യതിയുടേത് അല്ലെന്ന് നേപ്പാള്‍. ഇവ കരടിയുടേതാണെന്നാണ് നേപ്പാള്‍ സൈന്യം നല്‍കുന്ന വിശദീകരണം.
പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യനായ യതിയുടെ കാല്‍പ്പാടുകള്‍ ഏപ്രില്‍ ഒന്‍പതിന് കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു- ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്നും ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യം പറഞ്ഞിരുന്നു.
32നീളവും 15 വീതിയുമുണ്ടായിരുന്ന കാല്‍പ്പാടുകള്‍ ഇവിടെ ഇടയ്‌ക്കിടെ കാണാറുണ്ടെന്നും ഹിമക്കരടിയുടേതാണ് ഇവയെന്നുമാണ് നേപ്പാള്‍ സൈന്യത്തിന്റെ ലെയ്‌സണ്‍ ഓഫീസര്‍ ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം തദ്ദേശവാസികളായവരോട് ചോദിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















