ന്യൂദല്‍ഹി: കഥകളിലൂടെ മാത്രം കേട്ടറിവുള്ള മഞ്ഞുമനുഷ്യന്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സേന. നേപ്പാളിനടുത്തുള്ള മകാലു ബേസ് ക്യാംപിനു സമീപം മഞ്ഞില്‍ പ്രത്യക്ഷപ്പെട്ട കാല്‍പ്പാടുകള്‍ യതിയുടേതാണെന്ന് സേന ഔദേ്യാഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ഇന്ത്യന്‍ സേനയുടെ പര്‍വതാരോഹക സംഘമാണ് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള അജ്ഞാത കാല്‍പ്പാടുകള്‍ കണ്ടത്. മകാലു-ബാരുന്‍ നാഷണല്‍ പാര്‍ക്കില്‍ മാത്രം കാണപ്പെടുന്ന ജീവിയായ യതിയുടെ കാല്‍പ്പാടുകള്‍ ഇതാദ്യമായാണ് കണ്ടെത്തുന്നതെന്നും സേന ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ സ്ഥിരീകരണത്തിനായി കാല്‍പ്പാടുകളുടെ ചിത്രങ്ങള്‍ വിദഗ്ധര്‍ക്ക് കൈമാറി.
1950കളില്‍ ബ്രിട്ടീഷ് പര്‍വതാരോഹകനായ എറിക് ഷിപ്റ്റണും ഈ അജ്ഞാതമായ കാല്‍പ്പാടുകള്‍ കണ്ടിരുന്നതായി പറയപ്പെടുന്നു. ഈ സമയത്തു തന്നെ ഭീമാകാരനായ യതിയെ പിടികൂടുന്നതിനായി നേപ്പാള്‍ സര്‍ക്കാര്‍ ലൈസന്‍സും നല്‍കിയിരുന്നു. ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള നിരവധിയാള്‍ക്കാര്‍ യതിയെ കണ്ടിട്ടുള്ളതായി പറയപ്പെടുന്നുണ്ട്.
















