ന്യൂദല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ മുന്‍ ജീവനക്കാരിയായ യുവതിയെ സഹായിച്ചത് ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകന്‍ അഡ്വ. പ്രശാന്ത് ഭൂഷണെന്ന് വെളിപ്പെടുത്തല്‍. സുപീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ മുതിർന്ന അഭിഭാഷകനായ എം.എല്‍. ശര്‍മ്മയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഇക്കാര്യം മറ്റേതെങ്കിലും ബെഞ്ചില്‍ ഉന്നയിക്കാന്‍ എം.എല്‍ ശര്‍മ്മയ്‌ക്ക് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി. 2018 ഒക്ടാബര്‍ 10ന് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായിരുന്ന 35 കാരിയായ യുവതി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് യുവതി ഇതുസംബന്ധിച്ച് പരാതിയും നല്‍കി.
അതേസമയം ചീഫ് ജസ്റ്റിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവണമെന്ന് സുപ്രീംകോടതിയിലെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. ഇതിനായി നാലംഗ സമിതിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിലാണ് പ്രശാന്ത് ഭൂഷണമെതിരായ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.
















