ചെന്നൈ : കോയമ്പത്തൂര്‍ രാമനാഥപുരം മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സില്‍ നിന്ന് രണ്ട് കോടി രൂപ വിലവരുന്ന സ്വര്‍ണ്ണവും ഒരുലക്ഷം രൂപയും കവര്‍ച്ച ചെയ്തു. ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം മുഖം മൂടി ധരിച്ചെത്തിയ ആളാണ് കവര്‍ച്ച നടത്തിയത്.
812 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മോഷണം പോയെന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. ഇയാളുടെ ആക്രമണത്തില്‍ രണ്ട് വനിത ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഓഫീസില്‍ മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്‌ത്തി ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്. യുവതികളാണ് സംഭവം പോലീസിനെ അറിയിച്ചത്.
ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം വൈകീട്ടോടെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പ്രദേശത്തെ സ്ഥാപനങ്ങളിലെ സിസിടിവികള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. നാലംഗ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
















