ന്യൂദല്‍ഹി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് താറുമാറായ എയര്‍ ഇന്ത്യയുടെ സര്‍വ്വീസുകള്‍ രണ്ടാം ദിവസവും പൂര്‍ണമായി പുനസ്ഥാപിക്കാനായില്ല. ഞായറാഴ്ച രാവിലെ വരെ 137 സര്‍വ്വീസുകള്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വൈകിയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ സര്‍വ്വീസുകള്‍ സാധാരണ നിലയിലാവുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നര മുതല്‍ ആരംഭിച്ച സര്‍വര്‍ തകരാര്‍ ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. സര്‍വര്‍ തകരാറായതോടെ ബോര്‍ഡിങ് പാസ് നല്‍കാനാവാത്തതിനെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള വിവിധ വിമാനത്താവളങ്ങളിലായി എയര്‍ ഇന്ത്യയുടെ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. രാജ്യാന്തര ഐടി സേവനദാതാക്കളായ സിതയാണ് എയര്‍ ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കുന്നത്.
യാത്ര അനിശ്ചിത്വത്തിലായതോടെ യാത്രക്കാരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ വഴിയാണ് പുറത്തായത്. ആദ്യഘട്ടത്തില്‍ കാരണം എന്തെന്ന് വിശദീകരിക്കാന്‍ പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായതുമില്ല. ആറ് മണിക്കൂറിന് ശേഷമാണ് സര്‍വര്‍ തകരാര്‍ പരിഹരിച്ചത്.
സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് 19 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്. വൈകീട്ടോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് ആകുമെന്നാണ് എയര്‍ ഇന്ത്യ സിഎംഡി അശ്വമി ലൊഹാനി അറിയിച്ചിരുന്നത്. എന്നാല്‍, രണ്ടാം ദിവസവും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. സര്‍വ്വീസുകള്‍ ഇത്തരത്തില്‍ വൈകുന്നതില്‍ യാത്രക്കാര്‍ക്കിടയില്‍ വലിയ അസംതൃപ്തി ഇടയാക്കിയിട്ടുണ്ട്.
















