ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ രാഷ്‌ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാവാണ് ജിന്നയെന്ന് സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച മധ്യപ്രദേശിലെ സൗസറില്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെയായിരുന്നു ജിന്നയെ പ്രകീര്‍ത്തിച്ചുള്ള പ്രസംഗം.
മഹാത്മാ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജിന്നാ, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവര്‍ കോണ്‍ഗ്രസുകാരായിരുന്നു. ഈ നേതാക്കള്‍ രാജ്യത്തിന്റെ വികസനത്തിലും സ്വാതന്ത്ര്യത്തിലും പ്രധാന പങ്കുവഹിച്ചവരാണ്. ഈ കാരണത്താലാണ് ഞാനും പാര്‍ട്ടിയിലെത്തിയത്, അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ തനിക്ക് നാവ് പിഴച്ചതാണെന്നും മൗലാനാ ആസാദ് എന്നതിന് പകരം ജിന്ന എന്ന് തെറ്റായി പറഞ്ഞതാണെന്നുമാണ് സിന്‍ഹയുടെ ന്യായീകരണം.ജിന്നാ പരാമര്‍ശത്തിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. ഗാന്ധിജിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും പോലെ മഹാനാണ് രാജ്യത്തെ വിഭജിച്ച ജിന്നയെന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്‍ഹ പറയുന്നത്. ഇതാണ് അദ്ദേഹത്തിന്റെ സ്വഭാവം, തെരഞ്ഞെടുപ്പ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
















