താനെ: ട്രെയിനിലെ യാത്രയ്‌ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം. മുംബൈ താനെ റെയില്‍വേ സ്റ്റേഷനിലെ ഒരു രൂപ ക്ലിനിക്കിലാണ് യുവതിയ്‌ക്ക് പ്രസവം നടന്നത്.
ഒരു മാസസം മുമ്പ് താനെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് അടുത്ത വാര്‍ത്തയും പുറത്ത് വരുന്നത്.
കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ മുംബൈയ്‌ക്ക് പോകുകയായിരുന്ന പൂജ ചൗഹാന്‍(20) എന്ന യുവതിക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ കുറച്ച് ദൂരംമാത്രം ഉള്ളപ്പോഴാണ് പ്രസവവേദന അനുഭവപ്പെട്ടത്.
ഉടനെ ട്രെയിനിലുള്ളവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ താനെ സ്റ്റേഷനിലെത്തി ഒരു രൂപ ക്ലിനിക്കില്‍ യുവതിയെ അധികൃതര്‍ പ്രവേശിപ്പിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മവും നല്‍കി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
2017 ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 24 മണിക്കുര്‍ പ്രവര്‍ത്തന സജ്ജമായ ഒരു രൂപ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മഹാരാഷ്‌ട്രയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ സംഭവം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താനെയിലെ കാവല്‍ക്കാര്‍ രാജ്യത്തെ സേവിക്കാന്‍ സുസജ്ജരാണ് എന്ന് പീയുഷ് ഗോയല്‍ ട്വിറ്ററില്‍ നല്‍കുകയും ചെയ്തു.
















