ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മൂന്ന് ഉദ്യോഗസ്ഥരും സ്വിറ്റ്സര്‍ലാന്‍ഡില്‍ താമസത്തിനായി ചെലവഴിച്ചത് 1.58 കോടി രൂപ. വിവരാവകാശ നിയമ പ്രകാരം അജയ് ദുബെ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മധ്യപ്രദേശ് ചീഫ് സെക്രട്ടറി എസ്.ആര്‍. മൊഹന്തി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോക് ബണ്‍വാള്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് സുലൈമാന്‍, മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ ലോക സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സ്വിറ്റ്സര്‍ലാന്‍ഡില്‍ പോയത്. ഈ വര്‍ഷം ജനുവരിയില്‍ ദാവോസിലായിരുന്നു പരിപാടി.
സംസ്ഥാനത്തെ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് തിരിച്ചത്. ഇതില്‍ വിസയ്‌ക്കും വിമാന ചെലവുകള്‍ക്കുമായി നാലു പേര്‍ക്കുമായി 30 ലക്ഷം രൂപയാണ് ചെലവായത്. 45 ലക്ഷം രൂപ താമസത്തിനും, 9.5 ലക്ഷം പ്രാദേശിക യാത്രകള്‍ക്കുമായി. സൂറിച്ചിലെ വിമാനത്താവളത്തില്‍ വിഐപി ലോഞ്ചില്‍ പ്രവേശനത്തിനായി രണ്ട് ലക്ഷം രൂപ, ഗതാഗത ഇന്‍ഷുറന്‍സിന് 50,000 രൂപ, ഡിഐപിപി ലോഞ്ചിന് 40 ലക്ഷം രൂപയും ചെലവാക്കിയെന്നാണ് കണക്കുകളില്‍ പറയുന്നത്.
പ്രതിദിനം 100 യുഎസ് ഡോളര്‍ വീതം 1.5 ലക്ഷം രൂപ അലവന്‍സും, 15 ലക്ഷം വിവിധ തരത്തിലുള്ള ചെലവുകളുമായും, 14.35 ലക്ഷം പത്ത് ശതമാനം അഡ്മിനിസ്ട്രേറ്റീവ് ഫീസായും വകയിരുത്തിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയ്‌ക്കായി ശ്രമിക്കുന്നതിനിടെ ഇത്രയും വലിയ തുക സംസ്ഥാനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. നികുതിയദായകര്‍ക്കായി ഇത്രയും തുക സംസ്ഥാനത്തിന് ചെലവഴിക്കാമായിരുന്നെന്നും ദുബെ കുറ്റപ്പെടുത്തി.
അതേസമയം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുലൈമാന്‍ കഴിഞ്ഞ ഡിസംബര്‍ 20ന് സ്വിറ്റ്സര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ താമസത്തിനായി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. കമല്‍നാഥിനായി ഒരു എക്സിക്യൂട്ടീവും ചീഫ് സെക്രട്ടറിക്കും, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായി മൂന്ന് പ്രീമിയം റൂമുകളും ബുക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടത്. കൂടാതെ കമല്‍നാഥിനും ഉദ്യോഗസ്ഥന്മാര്‍ക്കും പ്രാദേശിക ഗതാഗത സൗകര്യങ്ങള്‍ക്കായി അത്യാഡംബര വാഹനങ്ങളും ആവശ്യപ്പെട്ടുള്ള ഇ മെയിലും ആര്‍ടിഐ പുറത്തുവിട്ടിട്ടുണ്ട്. 12 വ്യവസായികള്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘമാണ് ജനുവരി 21 മുതല്‍ 25 വരെ സംഘടിപ്പിച്ച ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തത്.
സ്വിറ്റ്സര്‍ലാന്‍ഡ് സന്ദര്‍ശനത്തിന് പിന്നാലെ മാര്‍ച്ച് രണ്ടിന് സുലൈമാനെ വ്യവസായ വകുപ്പില്‍ നിന്ന് പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിക്സ് വകുപ്പിലേക്ക് സ്ഥലം മാറ്റി. ഇതിനു പിന്നിലും എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോയെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.
















