ന്യൂദല്‍ഹി: വാദങ്ങളും പ്രതിവാദങ്ങളും അവസാനിച്ചു. 1983ഉം 2011ഉം ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീം റെഡി. ഇംഗ്ലണ്ട് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം.എസ്.കെ. പ്രസാദ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഞെട്ടിക്കുന്ന തീരുമാനങ്ങളോ അത്ഭുതമോ സംഭവിച്ചില്ല. പടനായകനായി വിരാട് കോഹ്‌ലി. പടയാളികളായി ധോണിയും രോഹിതും അടക്കം വന്‍ താരനിര. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും അമ്പാട്ടി റായ്ഡുവിനും ടീമില്‍ ഇടം നേടാന്‍ സാധിക്കാഞ്ഞതൊഴിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായില്ല. പ്രതിഭാശാലികളാല്‍ സമ്പന്നമാണ് ടീം. താരങ്ങള്‍ പ്രതിഭക്കൊത്ത് ഉയര്‍ന്നാല്‍ മറ്റൊരു ലോക കിരീടം കൂടി ഇന്ത്യക്ക് സ്വപ്‌നം കാണാം. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍, എക്കാലത്തെയും മികച്ച ബാറ്റ്‌സാമാനെന്ന പദവി അരക്കെട്ടുറപ്പിക്കുന്ന നായകന്‍, ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതാഹസമെന്ന വാഴ്‌ത്തലുമായെത്തുന്ന വിക്കറ്റ് കീപ്പര്‍, ബുംറ-ഭുവനേശ്വര്‍ ബൗളിങ്ങ് സഖ്യം, സന്തുലിതമാണ് ഇന്ത്യന്‍ ടീം.
നാല് സ്‌പെഷിലിസ്റ്റ് ബാറ്റ്‌സ്മാന്മാരും, രണ്ട് വിക്കറ്റ് കീപ്പര്‍മാരും നാല് ഓള്‍റൗണ്ടര്‍മാരും അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. ശിഖര്‍ ധവാന്‍ മാത്രമാണ് ടീമിലെ ഏക ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍. 1996ന് ശേഷം ഇതാദ്യമായാണ് ഏക ഇടം കയ്യന്‍ ബാറ്റ്‌സ്മാനുമായി ഇന്ത്യ ടീമിനെ ഒരുക്കുന്നത്. ഋഷഭ് പന്തിനെ പിന്തള്ളി ദിനേശ് കാര്‍ത്തിക്കും അമ്പാട്ടി റായ്ഡുവിനെ പിന്തള്ളി കെ.എല്‍. രാഹുലും ടീമില്‍ ഇടം പിടിച്ചു. കേദാര്‍ ജാദവിനും ഹാര്‍ദിക് പാണ്ഡ്യക്കും രവീന്ദ്ര ജഡേജക്കുമൊപ്പം വിജയ് ശങ്കര്‍ നാലാം ഓള്‍റൗണ്ടറായി ടീമിലെത്തി. ബൗളിങ്ങില്‍ പരീക്ഷണം നടത്താന്‍ തയാറാകാഞ്ഞ സെലക്ടര്‍മാര്‍ മൂന്ന് പേസ് ബൗളര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയും ടീമില്‍ നിലനിര്‍ത്തി.
ബാറ്റിങ്ങ് നിരയില്‍ കോഹ്‌ലിയും രോഹിതും
ബാറ്റിങ്ങ് നിരയ്‌ക്ക് ചൂടേകി കോഹ്‌ലിയും രോഹിതും മുന്നില്‍ നില്‍ക്കും. ഏകദിന റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്ത് ഇടംപിടിച്ച ഇരുവരിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇതുവരെ ഫോം കണ്ടെത്തിയിട്ടില്ല. ഐപിഎല്ലില്‍ താരത്തിന് റണ്‍ കണ്ടെത്താനായില്ലെങ്കില്‍ ഓപ്പണിങ്ങ് സ്ഥാനം നഷ്ടപ്പെട്ടേക്കും. ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള കെ.എല്‍. രാഹുല്‍ ഐപിഎല്ലില്‍ പഞ്ചാബ് ഓപ്പണര്‍റായി തിളങ്ങുന്നുണ്ട്. നാലാം നമ്പറിലാണ് തലവേദന. സ്ഥിരതയോടെ കളി മുമ്പോട്ട് കൊണ്ടുപോകാന്‍ രാഹുലിനെയോ കാര്‍ത്തിക്കിനെയോ ഈ സ്ഥാനത്ത് നിയോഗിച്ചേക്കും. അഞ്ചാമനായി പ്രധാന വിക്കറ്റ് കീപ്പര്‍ എ.എസ്. ധോണി ബാറ്റ് വീശും. ഐപിഎല്ലില്‍ മുംബൈക്കായി ഫിനിഷറുടെ റോളില്‍ കത്തിനില്‍ക്കുന്നു ഹാര്‍ദിക് പാണ്ഡ്യ. ധോണിക്കൊപ്പം പാണ്ഡ്യയാകും ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുക.
ഓള്‍റൗïര്‍മാരുടെ ധാരാളിത്തം
പേസ് ബൗളിങ്ങ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ ടീമിലെത്തിയാല്‍ വിജയ് ശങ്കറിന് അവസരം നഷ്ടമായേക്കും. ജാദവും ജഡേജയും തമ്മിലാകും മറ്റൊരു പോര്. സ്പിന്നര്‍മാരായി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും ടീമിലുള്ളതിനാല്‍ ഇരുവര്‍ക്കും എത്രത്തോളം അവസരം ലഭിക്കുമെന്ന് കണ്ടറിയണം. മധ്യനിരയില്‍ മികച്ച ബാറ്റ്‌സ്മാന്റെ പോരായ്‌മയുള്ളതിനാല്‍ ജാദവിനോ ജഡേജക്കോ സാധ്യതയുണ്ട്.
ഭുവി-ബുംറ സഖ്യം
ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുമായാണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തുന്നത്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ബുംറ. ഭുവി-ബുംറ സഖ്യമാകും ലോകകപ്പില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക. ഇരുവരുടെയും പ്രകടനമാണ് കഴിഞ്ഞ പരമ്പരകളില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
മൂന്നാം പേസറായ മുഹമ്മദ് ഷാമി മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിലെ കുത്തിയുയരുന്ന പിച്ചുകളില്‍ ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകും. കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യ കരുതിവച്ചിരിക്കുന്ന സ്പിന്‍കെണി. സ്പിന്നര്‍മാര്‍ക്ക് അനുകൂലമല്ലാത്ത പിച്ചുകളില്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടിവരും. ജഡേജയും ജാദവും അവസരം കാത്തുനില്‍ക്കുമ്പോള്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ മുതിര്‍ന്നേക്കും.
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (നായകന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, ലോകേഷ് രാഹുല്‍, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷാമി.
















