ആലപ്പുഴ: സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണ ബോര്‍ഡുകളില്‍ ഇടം നല്‍കാത്തതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പുകയുന്നു. പ്രചാരണത്തില്‍ മറ്റുകക്ഷികളെ മാറ്റിനിര്‍ത്തി സിപിഎം സര്‍വാധിപത്യം ചെലുത്തുന്നതില്‍ നേരത്തേ തന്നെ അസ്വസ്ഥത ഉടലെടുത്തിരുന്നു. മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പ്രചരണ പരിപാടികളില്‍ പ്രാധാന്യം നല്‍കാത്തതിനെതിരെ സിപിഎമ്മില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് ഘടകക്ഷികളും അതൃപ്തി അറിയിക്കുന്നത്.
സിപിഎമ്മിന്റെ പേരില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ ഏതൊക്കെ നേതാക്കളെ ഉള്‍പ്പെടുത്തണമെന്ന് ആ പാര്‍ട്ടിക്ക് തീരുമാനിക്കാം, എന്നാല്‍ എല്‍ഡിഎഫിന്റെ പേരിലുള്ള ബോര്‍ഡുകളില്‍ ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തത് സിപിഎം കാണിക്കുന്ന ധിക്കാരമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങള്‍ മാത്രമാണ് ഹോര്ഡിങ്ങുകളിലുള്ളത്.
കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെയും, പാര്‍ട്ടി സെക്രട്ടറിയുടേയും ചിത്രങ്ങള്‍ വെച്ചാല്‍ മതിയെന്നാണ് തീരുമാനം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം ഇടതുമുന്നണിയോ സിപിഎമ്മോ എടുത്തതായി അറിയില്ലെന്നാണ് ഘടകകക്ഷികള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് അരനൂറ്റാണ്ടിന് ശേഷം വി.എസ്. അച്യുതാനന്ദന് പുറത്താകുന്നതും ഇത്തവണയാണ്.
മുഴുവന്‍ സീറ്റുകളും സിപിഎമ്മും സിപിഐയും മാത്രമായി വീതം വെച്ചെടുത്തതില് നേരത്തെ തന്നെ മറ്റു കക്ഷികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. യുഡിഎഫില്‍ നിന്ന് സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയെത്തിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് പോലും കാഴ്ചക്കാരാകേണ്ടി വന്നു. മുന്‍ കാലങ്ങളില്‍ ജനതാദളിനും, ആര്‍എസ്പിക്കും അടക്കം സീറ്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ പിണറായിയും കോടിയേരിയും നയിക്കുന്ന കണ്ണൂര്‍ ലോബി സിപിഎമ്മില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഘടകകക്ഷികള്‍ വെറും വെള്ളംകോരികളും വിറക് വെട്ടികളുമായെന്നും പരാതി ഉയരുന്നു.
ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ എല്ലാം പ്രവചിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്വവും പിണറായി വിജയന് ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ശബരിമല വിഷയത്തിലടക്കം സിപിഎമ്മും പിണറായി വിജയനും ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെയും മുന്നണിയില്‍ കലാപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: