തൃശൂര്‍: കിഫ്ബിയുടെ മസാലാ ബോണ്ട് ഇടപാടില്‍ ദുരൂഹതകള്‍ ഉണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃശൂരില്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മസാലാ ബോണ്ട് സംബന്ധിച്ച് കള്ളത്തിന് മുകളില്‍ കള്ളം അടുക്കിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്.
കിഫ്ബി ബോണ്ട് വാങ്ങുന്ന സിഡിപിക്യുവിന് ലാവ്ലിന് കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് തോമസ് ഐസക് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ചെറിയ ബന്ധമുണ്ടെന്ന് സമ്മതിച്ചു. ചെറിയ ബന്ധമൊന്നുമല്ല, സിഡിപിക്യുവിന് ലാവ്ലിനില് 20 ശതമാനം ഷെയര്‍ ഉണ്ട്. കുറഞ്ഞ പലിശ നിരക്കാണ് മസാലാ ബോണ്ടിനെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ 9.8 ശതമാനം പലിശയാണ് സിഡിപിക്യു വാങ്ങുന്നത്.
ഇത് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലാ ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റു സ്ഥാപനങ്ങളുടെ പലിശ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. മസാലാ ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പബ്ലിക്കായി ലിസ്റ്റ് ചെയ്തതിന്റെ ഭാഗമായാണ് സിഡിപിക്യു ബോണ്ട്് വാങ്ങാനെത്തിയതെന്നാണ് തോമസ് ഐസക് പറഞ്ഞ അടുത്ത കള്ളം. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പുറത്തിറക്കിയ കിഫ്ബിയുടെ ഓഫറിങ്ങ് സര്‍ക്കുലറില്‍ സിഡിപിക്യുവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ പ്രൈവറ്റ് ഇഷ്യു ആയിട്ടാണ് ഈ ബോണ്ട് ഇറക്കിയിരിക്കുന്നത്. അപ്പോള്‍ മസാലബോണ്ടില്‍ വിലപേശല്‍ നടന്നിട്ടുണ്ട്. സിഡിപിക്യുവാണ് കൊള്ളപ്പലിശ വിലപേശി ഉറപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം തന്റെ പഴയ കൂട്ടാളികളായ ലാവ്ലിന് തീറെഴുതി കൊടുക്കുന്ന മുഖ്യമന്ത്രി പെരുങ്കള്ളനാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: