കോഴിക്കോട്: ബിജെപി വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തുമെന്നും മോദി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് എന്‍ഡിഎ സംഘടിപ്പിച്ച വിജയ് സങ്കല്‍പ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില ശക്തികള്‍ സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഭക്തരെ ലാത്തി കൊണ്ട് നേരിട്ടത് ശരിയല്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സുപ്രീംകോടതിയെ ബോധിപ്പിക്കാന്‍ ശ്രമിക്കും.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സാംസ്ക്കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ നമ്മെ അടക്കി ഭരിച്ച വിദേശ ശക്തികള്‍ക്കായിട്ടില്ല. കേരളത്തിലെ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ഇടതുവലതു മുന്നണികള്‍ക്ക് കഴിയില്ല. ബിജെപി ഉള്ളേടത്തോളം കാലം കേരളത്തിലെ വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല. ബിജെപി കേരളത്തോടൊപ്പമാണ്, വിശ്വാസത്തോടൊപ്പമാണ്. ഐസ്ക്രീം പാര്‍ലര്‍ കേസിലും സോളാര്‍ കേസിലും ഉള്‍പ്പെട്ടവരാണ് കേരളത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പറയുന്നത്.
ഇടതും വലതും നിരാശരാക്കി
ദശാബ്ദങ്ങളായി ഇടതും വലതും കേരളത്തിലെ ജനങ്ങളെ നിരാശരാക്കുകയാണ്. ബിജെപി ഒരു ബദല്‍ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്തിന്റെ വികസനകാര്യത്തില്‍ ജാതിമത പരിഗണനകള്‍ ബിജെപിയുടെ മുന്നിലില്ല. യുഡിഎഫും എല്‍ഡിഎഫും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. മാറി മാറി ഇവര്‍ കേരളത്തെ കൊള്ളയടിക്കുകയാണ്. കോഴിക്കോട്ടെ കോംട്രസ്റ്റ് ജീവനക്കാര്‍ നീതിക്കായി കാത്തിരിക്കുകയാണ്. ഇരുമുന്നണികളും ഇവിടുത്തെ തൊഴിലാളികളുടെ കണ്ണുനീര് കാണുന്നില്ല. മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് സ്ഥിതിചെയ്ത സ്ഥലത്ത് മറ്റൊരു വ്യവസായവും കൊണ്ടുവരാനായിട്ടില്ല. വ്യവസായരംഗത്ത് പുരോഗതി കൊണ്ടു വരാനായിട്ടില്ല.
മധ്യപ്രദേശില്‍ കോടികളുടെ ചാക്ക് കെട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അന്വേഷണം അവസാനിക്കുന്നത് ന്യൂദല്‍ഹിയിലെ തുഗ്ലക്ക് റോഡിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവാണ് താമസിക്കുന്നത്. ശാന്തമായ സംസ്ഥാനമായ കേരളത്തെ ഇടതുവലതുമുന്നണികള് അക്രമരാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്. നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ഇവിടെ കൊലപ്പെടുത്തി. കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തോട് ചിലര്‍ എന്തിനാണ് മൗനം പാലിക്കുന്നത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ത്യാഗം വെറുതെ ആവില്ല. ത്രിപുര കേരളത്തിലും ആവര്‍ത്തിക്കും. സിപിഎം അവിടെ ഭീഷണിപ്പെടുത്തിയാണ് ഭരണം നടത്തിയിരുന്നത്. അതിന് ജനങ്ങള്‍ മറുപടി നല്കി.
കോണ്‍ഗ്രസ് സേനയെ അപമാനിക്കുന്നു
കോണ്‍ഗ്രസ് അധികാരത്തില്‍ ഉള്ളപ്പോള്‍ നിരവധി തവണ ഭീകരാക്രമണങ്ങളുണ്ടായി. എന്നാല്‍ ഇതിനെതിരെ നടപടികളുണ്ടായില്ല. ഇന്ന് ഭീകരരെ അവരുടെ കേന്ദ്രങ്ങളില്‍ ചെന്ന് തിരിച്ചടിച്ചപ്പോള്‍ സേനയെ വിമര്‍ശിക്കുന്നു. അവര്‍ പ്രതികരിക്കേണ്ട സമയത്ത് മൗനം പാലിക്കുകയും സേനയെ അപമാനിക്കുകയുമാണ്. ഭീകരതയും വര്‍ഗ്ഗീയതയും യുവാക്കളില്‍ വളര്‍ത്തി കേരളത്തെ ദുഷ്ടബുദ്ധിയുടെ പരീക്ഷണശാലയാക്കാനും ശ്രമം നടക്കുന്നുണ്ട്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഇടതുവലതു മുന്നണികള്‍ ഇവര്‍ക്ക് പിന്തുണയേകുകയാണ്. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഭീകരവാദികള്‍ക്ക് സൗജന്യ പാസ് നല്കിയിരിക്കുന്നു. ജനങ്ങള്‍ ഇതിന് തെരഞ്ഞെടുപ്പിലൂടെ മറുപടി പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: