തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ. ഡി ബാബു പോള്‍ അന്തരിച്ചു. .സംസ്കാരം. നാളെ നാലുമണിക്ക് പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടി യാക്കോബായ പള്ളിയില്‍.
ദീര്‍ഘവീക്ഷണവും പ്രായോഗിക ബുദ്ധിയുമുള്ള ഭരണാധികാരി. ബ്യൂറോക്രസിയുടെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവുംകൊണ്ട് മറികടുന്ന ഐഎഎസ്സുകാരന്. എഴുത്തുകാരന്, പ്രഭാഷകന്‍ .അഞ്ച് പതിറ്റാണ്ടോളമായി ഭരണ സാമൂഹിക സാംസ്കാരിക ആധ്യാത്മിക മണ്ഡലങ്ങളിലെ അര്‍ത്ഥവത്തായ സാന്നിധ്യമായിരുന്നു ബാബു പോള്‍.
1941ല്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ ചിരോത്തോട്ടം പൗലോസ് കോറെപ്പിസ്ക്കോപ്പയുടെ മകനായി ജനനം. ബി.എസ്സി. എന്‍ജിനീയറിങ്ങ്, എം.എ എന്നീ ബിരുദങ്ങള്‍ നേടിയശേഷം 1964 ല്‍ ഐ.എ.എസില്‍ പ്രവേശിച്ചു. ഇടുക്കി ജില്ല നിലവില്‍ വന്ന 1972 മുതല്‍ 1975 വരെ അവിടെ കളക്റ്ററായിരുന്ന ബാബു പോള്‍ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ പ്രോജക്റ്റ് കോ ഓര്‍ഡിനേറ്ററായിരുന്നു
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന് പുരസ്കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
21ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്മാന് സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു
നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ: പരേതയായ അന്ന ബാബു പോള്‍ (നിര്‍മല). മക്കള്‍: മറിയം ജോസഫ് (നീബ), ചെറിയാന് സി.പോള്‍ (നിബു). മരുമക്കള്‍: മുന്‍ ഡിജിപി എം.കെ.ജോസഫിന്റെ മകന് സതീഷ് ജോസഫ്, മുന്‍ ഡിജിപി സി.എ.ചാലിയുടെ മകള്‍ ദീപ. മുന്‍ വ്യോമയാന സെക്രട്ടറിയും യുപിഎസ്സി അംഗവും ആയിരുന്ന കെ.റോയ് പോള്‍ സഹോദരനാണ
ബാബുപോള്‍ എഴുതിയ വേദശബ്ദരത്നാകരം എന്ന ഗ്രന്ഥത്തിന് വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു ഉത്തരസ്യാം ദിശി , കഥ ഇതുവരെ , രേഖായനം: നിയമസഭാഫലിതങ്ങള്‍, സംഭവാമി യുഗേ യുഗേ, ഓര്‍മ്മകള്‍ക്ക് ശീര്‍ഷകമില്ല, പട്ടം മുതല്‍ ഉമ്മന്‍ ചാണ്ടി വരെ, നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത്് രാജ്യത്തിന്റെ ആവശ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: