കൊച്ചി : ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനെതിരെ വീണ്ടും ഹൈക്കോടതി നിര്‍ദ്ദേശം. അന്‍വറിന്റെ അമ്യൂസ്മെന്റ് പാര്‍ക്കിനായി നിര്‍മിച്ച തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
തടയിണയിലെ വെള്ളം നീക്കാന്‍ ഇതിന് മുമ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തിരുന്നില്ല. ഹൈക്കോടതി നല്കിയ കാലപരിധിക്കുള്ളില്‍ ഇത് നീക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. വെള്ളം തുറന്നുവിടണമെന്ന ഉറപ്പ് പാലിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അന്‍വറിന്റെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യില്‍ പരിസ്ഥിതി ലോല പ്രദേശമാണെന്ന് ജില്ലാ കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ദുരന്തനിവാരണ അതോറിട്ടി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടം പൊയ്യില്‍. പാര്‍ക്കിനായി ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുള്ള ഇവിടെ തടയണ കെട്ടി നിര്‍ത്തിയിരിക്കുന്നത്.
മലപ്പുറം ചീങ്കണ്ണിപ്പാലത്ത് ആദിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കാട്ടരുവി തടഞ്ഞാണ് തടയണ നിര്‍മിച്ചിരിക്കുന്നതെന്നും ആരോപണം ഉണ്ട്.
അതിനിടെ തടയണ നിര്‍മാണം വിവാദത്തിലായതിന് പിന്നാലെ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അന്‍വര്‍ തന്റെ ഭാര്യ പിതാവിന്റെ പേരിലേക്ക് മാറ്റിയിരുന്നു. അന്‍വര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആയതിനാല്‍ പെട്ടെന്ന് ഉത്തരവിടരുതെന്ന അന്‍വറിന്റെ ഭാര്യ പിതാവിന്റെ അഭിഭാഷകന്റെ വാദവും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: