ഹൈദരാബാദ്: ലോക്സഭാ,നിയമസഭാ, തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിങിനിടെ വ്യാപക സംഘര്‍ഷം.അനന്ത്പുരിലെ മീരാപുരം ഗ്രാമത്തില്‍ ടിഡിപി -വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ടിഡിപി പ്രവര്‍ത്തകനായ സിദ്ധഭാസ്കര്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് പുള്ള റെഡി എന്നിവരാണ് കൊല്ലപ്പെട്ടത്.
തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുണ്ടൂരില്‍ ടിഡിപി-വൈഎസ്ആര്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. കടപ്പയില്‍ ടിഡിപി പ്രവര്‍ത്തകര്‍ ബൂത്ത് പിടിച്ചെടുത്തു. കടപ്പയിലും ജമ്മാലമഡുഗയിലും ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുണ്ടായി. ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു.
നരാസരോപ്പേട്ടില് വൈ.എസ്.ആര്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ആക്രമിച്ചു. സ്ഥാനാര്‍ഥിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് ടി.ഡി.പി. പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.ഗുട്ടിയിലെ പോളിങ് ബൂത്തില്‍ ജനസേന സ്ഥാനാര്‍ഥി വോട്ടിങ് യന്ത്രം നിലത്തെറിഞ്ഞു തകര്‍ത്തു. മധുസൂദന്‍ ഗുപ്തയാണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്രയില്‍ ഇന്ന് ജനവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: