കൊല്‍ക്കത്ത : സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ബോബിഷയോതര്‍ ഭൂത് എന്ന സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയെന്ന കേസില്‍ മമതാ സര്‍ക്കാരിന് സുപ്രീംകോടതി 20 ലക്ഷം പിഴയിട്ടു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി. തൃണമൂല്‍ കോണ്‍ഗ്രസിനെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന പ്രമേയമായതിനാല്‍ സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്തിയെന്നതാണ് കേസ്.
സംസ്ഥാന വ്യാപകമായി സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയതിനെതിരേ നിര്‍മ്മാതാവ് കല്ല്യാണ്‍മോയ് ബില്ലി ചാറ്റര്‍ജിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സിനിമാ പ്രദര്‍ശനം തടസപ്പെടുത്തിയത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലംഘിക്കുന്നതാണെന്ന് കോടതി വിമര്‍ശിച്ചു. ആള്‍ക്കൂട്ടത്തെ ഭയന്ന് അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടരുതെന്നും സുപ്രീംകോടതി അറിയിച്ചു.
സിനിമയുടെ പ്രദര്‍ശനം തടസപ്പെടുത്തിയ ബംഗാള്‍ സര്‍ക്കാര്‍ 20 ലക്ഷം രൂപ പിഴ അടക്കണമെന്നും ഈ തുക സിനിമയുടെ നിര്‍മ്മാതാവിന് നല്‍കണമെന്നുമാണ് സുപ്രീംകോടതിയുടെ വിധി.
ബോബിഷയോതര്‍ ഭൂത്’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഫെബ്രുവരി 15ന് റിലീസ് ചെയ്ത സിനിമ സര്‍ക്കാര്‍ ഇടപെട്ട് തീയേറ്ററുകളില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: