കൊച്ചി: ടൂറിസവും ആരോഗ്യപരിരക്ഷയും സംയോജിപ്പിച്ച് കേരളത്തെ വേൾഡ് ടൂറിസം ഡെസ്റ്റിനേഷൻ ആക്കുന്നതിനൊപ്പം കൊച്ചിയുടെ വികസനത്തിന് നിരവധി പദ്ധതികളുമായി ബിജെപി ബിസിനസ്സ് മീറ്റ്. പേരണ്ടൂർ കനാലും ദേശത്തോടും ജലഗതാഗത-ടൂറിസം പദ്ധതികളായി വികസിപ്പിക്കും.
വൈറ്റില മുതൽ കാക്കനാട് വരെ ചിത്രപ്പുഴയിലൂടെ ജലഗതാഗതം കാര്യക്ഷമമാക്കും. കൊച്ചിയെ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രമാക്കും. ബിപിസിഎല്ലുമായി ബന്ധപ്പെടുത്തി തൃപ്പൂണിത്തുറയും പരിസര പ്രദേശങ്ങളും പെട്രോളിയം ഇൻഡസ്ട്രീസ് ഹബ് ആക്കി വികസിപ്പിക്കും. തൃപ്പൂണിത്തുറയിൽ ആഗോള നിലവാരത്തിലുള്ള ദേശീയ പൈതൃക കലാകേന്ദ്രവും, പറവൂരിൽ കലാഗ്രാമവും സ്ഥാപിക്കും.
മത്സ്യത്തൊഴിലാളികൾക്കായി തീരദേശത്ത് മത്സ്യോൽപ്പന്ന ചെറുകിട വ്യവസായങ്ങൾ സ്ഥാപിക്കും. ഫ്‌ളാറ്റുകളിലും ഹൗസിങ് കോളനികളിലും ചെലവ് കുറഞ്ഞ മാലിന്യ സംസ്‌കരണ സാങ്കേതികവിദ്യ നടപ്പിലാക്കും. കൊച്ചിയെ പൂന്തോട്ടനഗരമാക്കും. കൊച്ചിയോട് ചേർന്ന ഗ്രാമങ്ങളിൽ കൃഷിയോഗ്യമല്ലാത്ത ഭൂമി പരിസ്ഥിതിക്ക് ഇണങ്ങുംവിധം ആഴം കൂട്ടി ജലം സംഭരിച്ച് നഗരവാസികൾക്ക് വിതരണം ചെയ്യും. മാലിന്യങ്ങളിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. കമ്മട്ടിപ്പാടം ആഗോള നിലവാരത്തിലുള്ള റെയിൽവേ ഹബ്ബ് ആക്കും.
ഡിപി വേൾഡ് ഉൾപ്പെടുന്ന വല്ലാർപാടത്ത് റെയിൽ ടൂറിസം പദ്ധതി ആവിഷ്‌കരിക്കും. സൈക്കിൾ യാത്രക്കാർക്കും കാൽനടക്കാർക്കുമായി എലിവേറ്റഡ് ഫുട്പാത്തും, നഗരത്തിന് പുറത്ത് ഹെവി വെഹിക്കിൾ പാർക്കിങ് സ്റ്റേഷനും നിർമിക്കും. ടൂറിസത്തിന്റെ ഭാഗമായി പ്രധാന മാർക്കറ്റുകളെ ആഗോള നിലവാരത്തിലേക്കുയർത്തും. കേരളത്തിന്റെ തനത് ഭക്ഷണം വിളമ്പുന്ന ഭക്ഷണത്തെരുവ് നിർമിക്കും. എന്നിങ്ങനെ 19 നിർദേശങ്ങൾ ബിസിനസ്സ് മീറ്റ് മുന്നോട്ടുവച്ചു.
ഐഎംഎ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിഐഐ സംസ്ഥാന വൈസ് പ്രസിഡന്റ് ദീപക് അസ്വാനി, നെസ്റ്റ് ഗ്രൂപ്പ് ഡയറക്ടറും കൊച്ചി ‘സെസ്’ വ്യവസായ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ ഷംസുദ്ദീൻ, പ്രമുഖ കയറ്റുമതി വ്യവസായി കെ.കെ. പിള്ള, ആർസിഎം ആയുർവേദ ഹോസ്പിറ്റൽ എംഡി ലിൻഡ, ശോഭ കുഞ്ചൻ, സാമൂഹിക പ്രവർത്തകർ, ടെക്‌നോക്രാറ്റുകൾ, ടൂറിസം-മത്സ്യ-ഹോട്ടൽ തുടങ്ങിയ രംഗത്തുള്ള നിരവധി പേർ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനവുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്ത് ആശയങ്ങൾ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: