തൃശൂര്‍: അഞ്ചരവര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്ന ഏഴുവയസ്സുകാരന് സച്ചുമോന് എന്ന അദ്രിദാസ് യാത്രയായി. മസ്തിഷ്കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന അസുഖം മൂലം അഞ്ചരവര്‍ഷമായി വെന്റിലേറ്ററിലായിരുന്ന സച്ചുമോന് ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം ചൊവ്വാഴ്ച്ച വൈകീട്ട് ചെറുതുരുത്തിയില്‍ സംസ്കരിച്ചു.
വടക്കാഞ്ചേരി മുള്ളൂര്‍ക്കര മണ്ഡലംകുന്ന് കൊല്ലമാക്ക് ശിവദാസന്റേയും സവിതയുടേയും രണ്ടാമത്തെ മകനാണ് സച്ചുമോന്. ചെറുപ്പത്തില്‍ അപസ്മാരം വന്നതിനെ തുടര്‍ന്ന് ചികിത്സ നടത്തിയിരുന്നു. 2013 ഡിസംബറില്‍ സച്ചുമോന്റെ ശരീരം നീലനിറമാവുകയും വിളര്‍ച്ച അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്.
പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിദഗ്ധ പരിശോധനകള്‍ക്ക് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റിയപ്പോഴാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗത്തിന് കാരണമെന്ന് അറിയുന്നത്. അന്നുമുതല്‍ ശ്രീചിത്രയില്‍ വെന്റിലേറ്ററിലായിരുന്നു. അസുഖം ഭേദമാവാന്‍ സമയമെടുക്കുമെന്നറിഞ്ഞപ്പോഴാണ് തൃശൂരിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.കെ. പുരുഷോത്തമന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സംഘമാണ് സച്ചുമോനെ ചികിത്സിച്ചിരുന്നത്.
മരപ്പണിക്കാരനായ ശിവദാസിന്റെ ഏക വരുമാനത്തിലാണ് കുടുംബം ജീവിക്കുന്നത്. സച്ചുമോന്റെ ചികിത്സാര്‍ഥം മുഴുവന്‍ സമയം ആശുപത്രിയില്‍ കഴിയേണ്ടി വന്ന സവിതയ്ക്ക് ജോലിക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. മൂത്തമകന് അശ്വിന്ദാസിനെ പരിപാലിച്ചിരുന്നത് പോലും ശിവദാസാണ്. ദൈവാനുഗ്രഹവും സുമനസ്സുകളുടെ സഹായവും പ്രാര്‍ഥനയും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും സഹകരണവുമാണ് പിടിച്ചുനില്ക്കാന് തുണയായതെന്ന് കുടുംബം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: