കരുനാഗപ്പള്ളി: ‘മുറ്റത്തൊരു പഴത്തോപ്പ് മുകളിലൊരു കിളിക്കൂട്’ എന്ന വിളംബരവുമായി മാതാ അമൃതാനന്ദമയിദേവിയുടെ അഞ്ചാംവര്‍ഷവും അമൃതപുരിയില്‍ വിഷുത്തൈനീട്ടം. കൈനീട്ടത്തോടൊപ്പവും വിഷുക്കണിയില്‍ ഒരു വൃക്ഷത്തൈ കൂടി ഉള്‍പ്പെടുത്തണമെന്ന അമ്മയുടെ ആഹ്വാനമാണ് മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധ് ഏറ്റെടുത്തത്.
ഒരു ചെറിയ തടിക്കഷ്ണമായാലും അതില്‍ കുറച്ചുവെള്ളവും ഭക്ഷണവും കിളികള്‍ക്കായി കരുതണമെന്നും, ചുട്ടുപൊള്ളുന്ന വെയിലത്ത് ഈ കരുതല്‍ കിളികള്‍ക്ക് ആശ്വാസമായിരിക്കുമെന്നും അനുഗ്രഹ സന്ദേശത്തില്‍ അമ്മ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കിളിക്കൂടുകളുടെ വിതരണോദ്ഘാടനവും അമ്മ നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ ഇനിയുള്ളദിവസങ്ങളില്‍ തങ്ങളുടെ അധ്യാപകരുടെ വീടുകളിലെത്തി ഫലവൃക്ഷത്തൈയും കിളിക്കൂടും സമ്മാനിക്കും.
വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ നാലായിരത്തഞ്ഞൂറോളം തൈകളുടെ വിതരണോദ്ഘാടനമാണ് ഇന്നലെ നടന്നത്. ഭൂമി ഫലഭൂയിഷ്ടമായാല്അത് നമ്മളുടെ ജീവിതത്തെയും സമൃദ്ധമാക്കുമെന്നും ആനന്ദവും സൗന്ദര്യവും അകവും പുറവും നിറയുമെന്നും അമ്മ അനുഗ്രഹ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.
വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി അയുദ്ധ് അഞ്ച് വര്‍ഷംകൊണ്ട് കേരളത്തിലുടനീളം മൂന്നര ലക്ഷത്തിലധികം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. വിവിധ രാജ്യങ്ങളിലായി 10 ലക്ഷം വൃക്ഷത്തൈകള്‍ ഐക്യരാഷ്ട്രസഭയുടെ ‘ട്രില്യണ്‍ ട്രീ’ പദ്ധതിയുടെ ഭാഗമായി നട്ടുവളര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: