കോഴിക്കോട്: ഇടതു-വലതു മുന്നണികള്‍ക്ക് കണക്കുകള്‍ തെറ്റുന്ന കാഴ്ചയാണ് കോഴിക്കോട്ട് കാണുന്നത്. ജനം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് ഇരുമുന്നണികളും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബുവാണ് മണ്ഡലത്തില്‍ ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി എം.കെ. രാഘവനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ എ. പ്രദീപ് കുമാറും മത്സരിക്കുന്നു.
രണ്ടുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എം.കെ. രാഘവനെ തന്നെ അങ്കത്തിനായി ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടല്‍. എല്‍ഡിഎഫ് ആകട്ടെ മറ്റാരെയും രംഗത്തിറക്കാനില്ലാതെ സിറ്റിംഗ് എംഎല്‍എയില്‍ അഭയം തേടിയിരിക്കുന്നു. ഇടതു-വലതു മുന്നണികളുടെ വികസനവിരുദ്ധ നിലപാടുകളും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും മണ്ഡലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂല മണ്ണൊരുക്കിയിട്ടുണ്ട്.
ശബരിമല വിശ്വാസസംരക്ഷണ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പ്രകാശ്ബാബുവിനെ ജയിലില്‍ അടച്ചതോടെ മണ്ഡലത്തില്‍ ശബരിമല വിഷയം കൂടുതല്‍ ചര്‍ച്ചയായിരിക്കുകയാണ്. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ്ബാബുവിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കുകയും നിര്‍ദ്ദേശകര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയുമായിരുന്നു.
സ്ഥാനാര്‍ത്ഥി ജയിലിലാണെങ്കിലും പ്രചരണത്തിന് യാതൊരു കുറവും വരുത്താന്‍ പ്രവര്‍ത്തകര്‍ തയാറല്ല. ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയായ ഘട്ടത്തിലാണ് അഡ്വ. പ്രകാശ്ബാബു ജയിലിലടയ്ക്കപ്പെടുന്നത്. രണ്ടാംഘട്ട പ്രചാരണമെന്ന നിലയില്‍ പ്രകാശ് ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍ഡിഎ ജില്ലാ ചെയര്മാന് കൂടിയായ ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് നടത്തിയ ഐക്യദാര്‍ഢ്യ യാത്രയും മണ്ഡലത്തിന്റെ മനസ്സില്‍ എന്‍ഡിഎയുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലവിലുള്ള എംപിയുമായ എം.കെ. രാഘവന് അഞ്ചുകോടി രൂപ കോഴയാവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യം ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടത്. ഇതോടെ യുഡിഎഫ് കുഴങ്ങിയിരിക്കുകയാണ്. അണികളോട് പോലും കാര്യങ്ങള്‍ വിശദീകരിക്കാനാകാത്ത അവസ്ഥയിലാണ് നേതൃത്വം. കെ. മുരളീധരന് വടകരയില്‍ സ്ഥാനാര്‍ഥിയായതോടെ അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും വടകര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതോടെ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വയനാട്ടിലുമാണുള്ളത്. ആദ്യമേ തണുത്ത മട്ടിലായിരുന്ന എം.കെ. രാഘവന്റെ പ്രചാരണം കോഴ ആരോപണം കൂടിയായതോടെ മന്ദീഭവിച്ച അവസ്ഥയിലായി.
സ്ഥലം എംഎല്‍എയാണെന്ന കാര്യം ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമവും വൃഥാവിലാവുന്ന അവസ്ഥയിലാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിന് പുറത്തേക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്ര പരിചയമില്ലെന്ന് പാര്ട്ടിക്കാര് തന്നെ ചൂണ്ടിക്കാണിക്കുന്നു. മോദി ഭരണത്തിന്റെ നേട്ടങ്ങളും എന്‍ഡിഎയുടെ കൂട്ടായ പ്രവര്‍ത്തനവും മണ്ഡലത്തില്‍ അഡ്വ. പ്രകാശ് ബാബുവിന് അനുകൂല തരംഗമായി മാറുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ ജില്ലാ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: