പന്തളം: സാമൂഹമാധ്യമങ്ങളിലൂടെ പന്തളം കൊട്ടാരത്തെ കരിവാരിത്തേക്കാനുള്ള ശ്രമം നടക്കുന്നതായി കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി പി.എന്‍. നാരായണ വര്‍മ. ശബരിമല യുവതീപ്രവേശനത്തില്‍ കൊട്ടാരത്തിന് ഉറച്ച നിലപാടാണുള്ളത്.
അതിനെ വളച്ചൊടിച്ച് കൊട്ടാരത്തെയും സംഘം ഭാരവാഹികളെയും കരിവാരിത്തേക്കാനും അതിലൂടെ ഭക്തജനങ്ങളിലും അഭ്യുദയകാംക്ഷികളിലും തെറ്റിദ്ധാരണ പരത്താനുമാണ് ചിലര്‍ ശ്രമിക്കുന്നത്, ഇതിനെ പന്തളം കൊട്ടാരം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതിനുശേഷം ആചാരാനുഷ്ഠാന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ അയ്യപ്പഭക്തരുടെ വികാരത്തോടൊപ്പം തന്റേടത്തോടെ നിന്നവരാണ് പന്തളം കൊട്ടാരം. അതു തുടക്കം മുതല്‍ പരസ്യമായി പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ മണ്ഡലക്കാലം അയ്യപ്പഭക്തര്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കാലമാണ്.
ഭക്തലക്ഷങ്ങളെ അത്രയേറെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതത്തിലാക്കിയത്. സര്‍ക്കാരുമായി ബന്ധപ്പെട്ട നേതാക്കള്‍ ഭക്തരെയും പന്തളം കൊട്ടാരത്തെയും തന്ത്രിമാരെയും സഭ്യേതരമായ ഭാഷയിലൂടെ അവഹേളിച്ച പ്രവൃത്തികള്‍ കൊട്ടാരം അംഗങ്ങളുടെയും ഭക്തരുടെയും ഹൃദയത്തിലേല്‍പ്പിച്ച ആഘാതം കുറച്ചൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: