തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം എംഎല്‍എയും വിവിധ വകുപ്പുകളില്‍ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.
രാഷ്ട്രീയത്തിലെ അതികായനായിരുന്നു അദ്ദേഹം മിതഭാഷിയായ നേതാവായിരുന്നു. വ്യത്യസ്ത രാഷ്ട്രീയ ആശയമാണ് ഞങ്ങള്‍ പിന്തുടര്ന്നിരുന്നതെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അത് തടസ്സമായിരുന്നില്ല. ആത്മസുഹൃത്തിനെക്കൂടിയാണ് എനിക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിക്കുന്നു.
കേരള രാഷ്ട്രീയത്തില്‍ ഇതിഹാസ തുല്യമായ ജീവിതം നയിച്ച നേതാവായിരുന്നു കെ.എം.മാണി. കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അടിസ്ഥാന വര്‍ഗങ്ങളോടും കര്‍ഷകരോടും പുലര്‍ത്തിയ പ്രതിബദ്ധതയും കര്‍മ്മ കുശലതയും വരും തലമുറക്ക് മാര്‍ഗദര്‍ശകമായിരിക്കും.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയ, ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. വ്യത്യസ്തമായ രാഷ്ട്രീയ സമീപനമുള്ളവരെ അയിത്തമില്ലാതെ സമീപിക്കാന്‍ സാധിച്ചിരുന്നത് അദ്ദേഹത്തിന്റെ സവിശേഷ വ്യക്തിത്വത്തിന് ഉദാഹരണമായിരുന്നു. മികച്ച പാര്ലമെന്റേറിയനെക്കൂടിയാണ് കേരളത്തിന് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: