കൊച്ചി: കേരളാകോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണി (86) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന മാണിയെ വെള്ളിയാഴ്ചയാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ കോട്ടയത്തേക്ക് കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് കോട്ടയത്തെ പാര്‍ട്ടി ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ ഉച്ചകഴിഞ്ഞ് 2.30ന് പാലാ സെന്റ്. തോമസ് കത്തീഡ്രലില്‍ മൃതദേഹം സംസ്ക്കരിക്കും.
രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തില്‍ത്തന്നെ അപൂര്‍വ സവിശേഷതകള്‍ സൃഷ്ടിച്ചാണ് കെ.എം. മാണി വിടപറയുന്നത്. പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധാനം ചെയ്തു. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിയെന്ന റെക്കോഡും മാണിക്കു സ്വന്തം.
ആഭ്യന്തരം, നിയമം, റവന്യൂ, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധികം കാലം മന്ത്രിയായിരുന്നതും മാണിയാണ്. ബാര്‍ കോഴക്കേസില്‍ അടിതെറ്റിയ മാണിയുടെ ‘രാഷ്ട്രീയ പൊതുജീവിതത്തിന്റെ അവസാന കാലത്ത് വലിയ തിരിച്ചടിയായിരുന്നു. മാണിയുടെ പ്രതിച്ഛായ തകര്‍ത്ത വിവാദമായി ഇത് മാറുകയും ചെയ്തിരുന്നു.
പാലാ മരങ്ങാട്ടുപള്ളി കരിങ്കോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. അഭിഭാഷകവൃത്തിക്കിടെ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു.
1964-ല്‍ കേരളാ കോണ്‍ഗ്രസ്സില്‍. 1979ല്‍ കേരള കോണ്‍ഗ്രസ് (എം) രൂപീകരിച്ചു. അന്നുമുതല്‍ പാര്‍ട്ടിയുടെ ചെയര്മാന്. ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ. മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത. മരുമക്കള്‍: നിഷ, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം.പി ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്) രാജേഷ് കുരുവിത്തടം.
കെ.എം.മാണിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: