തിരുവനന്തപുരം: കിഫ്ബിയുടെ മസാലബോണ്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ ക്ഷണം. മസാലബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി പോകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
മെയ് 17നാണ് ചടങ്ങ്. എന്നാല്‍ ലണ്ടനിലേക്ക് പിണറായിക്ക് പറക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. കേന്ദ്രത്തില്‍ നിന്നും അനുകൂല തീരുമാനമുണ്ടായാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വില്‍പ്പന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്.
പ്രതിപക്ഷം ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങളോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിണറായിയെ ഏറെ നാള് വേട്ടയാടിയ അഴിമതി ആരോപണമാണ് ലാവ്ലിന് കേസ്.
കനേഡിയന്‍ പെന്ഷന് ഫണ്ട് സ്ഥാപനമായ സിഡിപിക്യുവിന് ലാവ്ലിനില് ഓഹരി നിക്ഷേപമുണ്ടായിരുന്നു എന്ന ആരോപണത്തിനെതിരെ ധനമന്ത്രി രണ്ടുതവണ നല്കിയ വിശദീകരണത്തിനും വ്യക്തത വരുത്താനായിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ ലാവ്ലിന്-സിഡിപിക്യു കമ്പനികള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരു കമ്പനികളും വാര്‍ത്ത നിഷേധിച്ചിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.
ഉയര്‍ന്ന പലിശ നല്‍കിയാണ് മസാല ബോണ്ട് സിഡിപിക്യു വാങ്ങിയതെന്നും ഇടപാടുകള്‍ സുതാര്യമല്ലെന്നുമുള്ള ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. പൊതുവിപണിയിലുള്ള ബോണ്ടുകളുടെ വില നിലവാരം സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. മസാലബോണ്ടുകളുടെ വിലയില്‍ ഇടിവുണ്ടായാല്‍ അത് ഇനി കിഫ്ബി ഇറക്കുന്ന ബോണ്ടുകളുടെ വില്‍പ്പനയെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം, സാമ്പത്തിക സ്ഥിതി, വിശ്വാസ്യത തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഉപഭോക്താക്കള്‍ കിഫ്ബിയുടെ ബോണ്ടുകളെ സമീപിക്കുക. പ്രളയത്തോടു കൂടി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിന് മസാലബോണ്ട് തിരിച്ചടിയാകുമെന്നാണ് വിദഗ്ധരുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: