കൊടുങ്ങല്ലൂര്‍: ദാരികനിഗ്രഹം നടത്തിയ ദേവിക്കു മുന്നില്‍ എല്ലാം സമര്‍പ്പിച്ച് ശ്രീകുരുംബക്കാവില്‍ പതിനായിരക്കണക്കിന് ദേവീഭക്തര്‍ കാവുതീണ്ടി. മീനഭരണി മഹോത്സവത്തിലെ പ്രാധാന്യമേറിയ ചടങ്ങായ കാവുതീണ്ടല് ഇന്നലെ വൈകിട്ട് നാലേകാലിനാണ് നടന്നത്.
ശ്രീകൃഷ്ണ പരുന്തുകള്‍ ആകാശത്ത് വട്ടമിട്ട് പറക്കുമ്പോള്‍ കാവുതീണ്ടലിനനുമതിയായി കോയ്മ ചുവന്ന പട്ടുകുട നിവര്‍ത്തി. ഇതോടെ കാവിലെ അവകാശത്തറകളില്‍ കാത്തിരുന്ന കോമരങ്ങളും ഭക്തരും ക്ഷേത്രത്തിനു ചുറ്റും ഓട്ടപ്രദക്ഷിണം നടത്തി കാവുതീണ്ടി. മുളന്തണ്ടുകളാല് ക്ഷേത്രത്തിന്റെ ചെമ്പു മേല്ക്കൂരയിലടിച്ചും വഴിപാടുപൊതികള് ക്ഷേത്രത്തിനകത്തേക്ക് വലിച്ചെറിഞ്ഞുമാണ് കാവുതീണ്ടിയത്.
രാവിലെ വലിയ തമ്പുരാന് കെ. രാമവര്‍മ്മ രാജ രാജപല്ലക്കില്‍ ക്ഷേത്രത്തിലേക്കു വന്നു. പതിനൊന്നു മണിയോടെ ക്ഷേത്ര നടയടച്ച് അശ്വതി പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കുന്നത്ത്, നീലത്ത്, മീത്തില്‍ മീങ്ങളിലെ കാരണവര്‍മാരായ അടികള്‍മാര്‍ ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകോവിലിനകത്ത് പ്രവേശിച്ച് നടയടച്ച് അശ്വതി പൂജ ആരംഭിച്ചു. അതീവ രഹസ്യവിധിയോടെയുള്ള തൃച്ചന്ദന ചാര്‍ത്ത് നടക്കുമ്പോള്‍ വലിയതമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തിനകത്ത് കാത്തിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അശ്വതി പൂജ കഴിഞ്ഞ് ദീപാരാധനയ്ക്ക് ശ്രീകോവില്‍ നട തുറന്നപ്പോള്‍ തമ്പുരാന് ദര്‍ശനം നടത്തി. പിന്നീട് ശ്രീകോവില്‍ നടയടച്ച് വലിയ തമ്പുരാനും അടികള്‍മാരും കിഴക്കേ നടയിലൂടെ പുറത്തിറങ്ങി. ഈ സമയം പോലീസ് വലിയതമ്പുരാന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. വലിയ നിലപാടു തറയിലിരുന്നതിനു ശേഷമാണ് കാവുതീണ്ടലിന് അനുമതി നല്‍കിയത്. കാവുതീണ്ടലിനു ശേഷം തമ്പുരാന് ദക്ഷിണ സമര്‍പ്പിച്ചാണ് ഭക്തര്‍ മടങ്ങിയത്. ദേവസ്വം, റവന്യു ഉദ്യോഗസ്ഥര്‍ക്ക് തമ്പുരാന് കോടി വസ്ത്രം നല്കി. മീനഭരണി മഹോത്സവത്തിനു സമാപനം കുറിച്ച് ഇന്ന് രാവിലെ കൂശ്മാണ്ട ബലിയും ജയക്കൊടി ഉയര്‍ത്തലുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: