കൊച്ചി: ഇന്ത്യാ വിഭജനവും പാക്കിസ്ഥാനും ഓര്‍മിപ്പിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ പച്ചക്കൊടിക്കെതിരേ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍. ഉത്തര്‍പ്രദേശ് ഷിയാ വഖഫ്ബോര്‍ഡ് ചെയര്മാന് വസിം റിസ്വി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റീസ്മാരായ എ.കെ. സിക്രിയും അശോക് ഭൂഷണും കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്. അതിനിടെ മുസ്ലിം ലീഗിന്റെ യുവജന വിഭാഗം പാര്‍ട്ടിയുടെ പച്ചക്കൊടി മാറ്റണമെന്ന് നേതൃയോഗത്തില്‍ പരസ്യ ആവശ്യം ഉന്നയിച്ചു. മൂന്ന് പുതിയ ഡിസൈന്‍വരെ ഉണ്ടാക്കി. പക്ഷേ, തുടര്‍നടപടികള്‍ ഉണ്ടായില്ല.
ലീഗിന്റെ പച്ചയില്‍ ചന്ദ്രക്കലയും നക്ഷത്രവുമുള്ള കൊടി ഇസ്ലാമിക വിരുദ്ധമാണെന്നും പാക്കിസ്ഥാന് വിഭജിച്ച് പോയെങ്കിലും അവരുടെ ആശയവും സാന്നിധ്യവും ഇവിടെ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ കൊടി ഉപയോഗിക്കുന്നതെന്നുമാണ് റിസ്വിയുടെ വാദം. 2018 ജൂലൈയില്‍ ഫയലില്‍ സ്വീകരിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി നല്കാന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
മുസ്ലിം ലീഗിന്റെ യുവജന വിഭാഗത്തില്‍നിന്നാണ് പച്ചക്കൊടിയും ചിഹ്നവും മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. ലീഗ് ആസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നടന്ന യോഗത്തില്‍ ഈ ആവശ്യം പാര്‍ട്ടി നേതൃത്വത്തിനുമുന്നില്വെച്ചു. യൂത്ത് ലീഗ് നടത്തിയ കേരള യാത്രയില്‍ പച്ചക്കൊടികള്‍ ഇല്ലായിരുന്നു. ചുവപ്പുകൊടിയും ചുവന്നമാലയുമായിരുന്നു അന്ന് ഉപയോഗിച്ചത്. ഇതുസംബന്ധിച്ച ചോദ്യത്തിന് കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവര്‍ അലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫും കൊടിമാറ്റത്തിനു വാദിച്ചിട്ടുണ്ട്. ന്യൂനപക്ഷ മത വിഭാഗത്തിന്റെ സംരക്ഷക പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലിം ലീഗിന്റെ ന്യൂനപക്ഷ വിഭാഗമായ ഇന്ത്യന്‍ യൂണിയന് മൈനോറിറ്റി ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ. സുബൈര്‍ ഈ ആവശ്യം പാര്‍ട്ടി വേദിയില്‍ ഉന്നയിച്ചവരില്‍ പെടുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ക്കൊടുവില്‍, ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ട പല കാര്യങ്ങളില്‍ ഒന്ന് കേരളത്തിനു പുറത്ത് ഇൗ കൊടിയുമായി പോകാന്‍ കഴിയില്ലെന്നതാണ്. അവിടെയെല്ലാം പാക്കിസ്ഥാന് കൊടിയായാണ് തിരിച്ചറിയുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
കൊടിക്ക് മൂന്ന് ഡിസൈന്‍ വരെ ഉണ്ടാക്കി സമര്‍പ്പിക്കപ്പെട്ടു. പച്ച നിറം ഒഴിവാക്കിയാണ് ഒന്ന്. മറ്റൊന്നില്‍ ചന്ദ്രക്കലയില്ല. ഇനിയൊന്നില്‍ ഒന്നിലേറെ നിറങ്ങള്‍ ചേര്‍ന്നതാണ്. പക്ഷേ, സുപ്രീം കോടതിയിലെ ഹര്‍ജി വന്നപ്പോള്‍ രൂപപ്പെട്ട തിരക്കിട്ട നീക്കങ്ങള്‍ പിന്നീട് വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: