പാലാ: പാലാ-തൊടുപുഴ റൂട്ടില്‍ മാനത്തൂരിനു സമീപം കാര്‍ കടയിലേക്ക് ഇടിച്ചു കയറി അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്.
മാനത്തൂര്‍ പള്ളിക്കു സമീപം പച്ചക്കറി കടയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറിയത്. കടനാട് സ്വദേശികളായ വിഷ്ണു രാജ്, പ്രമോദ് സോമന്, ഉല്ലാസ്, രാമപുരം സ്വദേശി സുധി ജോര്‍ജ്, കാര്‍ ഉടമ പാല വെള്ളിലാപ്പള്ളി ജോബിന് കെ. ജോര്‍ജ് എന്നിവരാണു മരിച്ചത്. അന്തിനാട് സ്വദേശി പ്രഭാതാണ് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്നു സംഘം. ആറു പേര് കാറിലുണ്ടായിരുന്നു. ഇതില്‍ മൂന്നു പേര് ഇടിയുടെ ആഘാതത്തില്‍ കാറിനു പുറത്തേക്കു തെറിച്ചുപോയി. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അമിത വേഗമാണ് അപകടകാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. കാര്‍ പാലാ ഭാഗത്തേക്കു പോവുകയായിരുന്നു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വീടിനോടു ചേര്‍ന്നുള്ള പച്ചക്കറി കടയിലേക്കാണ് ഇടിച്ചുകയറിയത്. കടയും തകര്‍ന്നു. കടയുടെ മുന്നില്‍ ആളില്ലാതിരുന്നതു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: