തിരുവല്ല: കെഎസ്ആര്‍ടിസി ഓഫീസ് കെട്ടിട സമുച്ചയത്തിലെ വാട്ടര്‍ ടാങ്കില്‍ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തിരുവല്ല ഡിപ്പോയിലെ ഡ്രൈവറായ കുറുപ്പുന്തുറ കാവുപുരയ്ക്കല്‍ കെ.കെ. രാജീവിന്റെ (അജിമോന്-49) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ കെടിഡിഎഫ്സി അധികൃതര്‍ വാട്ടര്‍ ടാങ്ക് പരിശോധന നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെടുകയും മാന്‍ഹോളില്‍ നോക്കിയപ്പോള്‍ കാല്‍പ്പാദം കാണുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു.
ഫെബ്രുവരി 17 മുതല്‍ ഇദ്ദേഹത്തെ കാണാതായിരുന്നു.വീട്ടുകാര്‍ മാര്‍ച്ച് ഒന്നിന് പോലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
25,000 ലിറ്റര്‍ വെള്ളം കൊള്ളുന്ന, കെട്ടിടത്തിന്റെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള വെള്ളം ശേഖരിക്കുന്ന ടാങ്കാണിത്. ഇതാണ് മരണ വിവരം പുറംലോകം അറിയാന്‍ വൈകിയത്. ടാങ്കിന് വെളിയില്‍ ഉപേക്ഷിച്ച ചെരുപ്പ് കണ്ടാണ് ബന്ധുക്കള്‍ ആളെ മനസിലാക്കിയത്.
ഫയര്‍ഫോഴ്സും പോലീസും എത്തി നന്നേ കഷ്ടപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. സൗമ്യയാണ് മരിച്ച രാജീവിന്റെ ഭാര്യ. ദേവദത്ത് ഏക മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: