തൊടുപുഴ : ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്റെ അമ്മയ്ക്ക് എതിരെയും കേസെടുക്കുമെന്ന് പോലീസ്. കുട്ടികള്‍ക്കുമേലുള്ള മര്‍ദ്ദന വിവരം യഥാസമയം അധികൃതരെ അറിയിക്കാതിരുന്നതിനാണ് നടപടി. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി അത്യാസന്ന നിലയില്‍ തുടരുകയാണ്.
ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി ഇളയസഹോദരന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്നര വയസ്സുള്ള ഇളയകുട്ടിയുടെ ദേഹത്തും മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളുണ്ട്. രണ്ടുകുട്ടികള്‍ക്കും അരുണില്‍ നിന്നും ഇത്രയേറെ മര്‍ദ്ദനമേറ്റിട്ടും പോലീസിനെയോ ചൈല്‍ഡ് ലൈനേയോ അറിയിക്കാതിരുന്നതിനാലാണ് അമ്മയ്ക്കെതിരെ കേസെടുക്കുന്നത്.
മര്‍ദ്ദനം നടന്ന ബുധനാഴ്ച അര്‍ധരാത്രിയ്ക്ക് ശേഷമാണ് അമ്മയും സുഹൃത്ത് അരുണും വീട്ടിലെത്തുന്നത്. കുട്ടികളെ തനിച്ചാക്കി രാത്രി തൊടുപുഴയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ പോയെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
അതേസമയം ഇളയകുട്ടിയുടെ സംരക്ഷണം തുടര്‍ന്നും അമ്മയെ ഏല്‍പ്പിക്കുന്നതില്‍ ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ട്.
ക്രൂരമര്‍ദ്ദനം പുറത്തറിയിക്കാത്തതിനൊപ്പം കുട്ടികളെ ഉത്തരവാദിത്തമില്ലാതെ തനിച്ചാക്കി പോകുന്ന ശീലമുള്ളതിനാലാണ് ഇളയ കുട്ടിയെ ഇവരെ ഏല്‍പ്പിക്കുന്നതില്‍ നിന്നും ചൈല്‍ഡ് ലൈന്‍ അധികൃതരെ വിലക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: