മടിക്കേരി: കൊടകിലെ ബിജെപി നേതാവ് ബാലചന്ദ്ര കലാഗിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ബിജെപി കൊടക് ജില്ലാ സെക്രട്ടറിയും മുന്‍ സംപാജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കലാഗി മാര്‍ച്ച് 19 നാണ് മടിക്കേരിക്ക് സമീപം റോഡാപകടത്തില്‍ കൊല്ലപ്പെട്ടത്. കലാഗി സഞ്ചരിച്ചിരുന്ന ഓംനി വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാര്‍ട്ടിയുടെ അടിയന്തിര യോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ അപകടം ആസൂത്രിതമായിരുന്നുവെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സമ്പത്ത് കുമാര്‍ (34) ഹരിപ്രസാദ് (36) ജയ (34) എന്നിവരെ അറസ്റ്റ് ചെയ്തതായി കൊടക് എസ്പി സുമന്‍ അറിയിച്ചു.
കൊടകില്‍ നടത്തുന്ന അനധികൃത മണല്‍ ഖനനത്തിനെയും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും ശക്തമായി എതിര്‍ത്തിരുന്നയാളാണ് കലാഗി. അതേസമം കാലാഗിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് പാരാദേശിക ബിജെപി നേതൃത്വം നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നതാണ്.
















