ഹൈദരാബാദ്: ഐപിഎല്ലില്‍ ആദ്യ വിജയം തേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം ആരംഭിക്കും. സീസിണില്‍ ഹൈദരാബാദിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്.
. ഇരു ടീമും ആദ്യ വിജയം തേടി കളത്തിലിറങ്ങുമ്പോള്‍ മത്സരം കടുക്കുമെന്നുറപ്പ്. ആദ്യ മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും രാജസ്ഥാന്‍ റോയല്‍സ് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനോടുമാണ് തോറ്റത്. അവസാന ഓവറുകളില്‍ ഭുവനേശ്വര്‍ കുമാര്‍ അടക്കമുള്ള ബൗളമാര്‍ അനാവശ്യമായി റണ്‍സ് വഴങ്ങിയതാണ് ഹൈദരാബാദിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.
ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ തിരിച്ചുവരവ് അവര്‍ക്ക് പുത്തന്‍ ഊര്‍ജം നല്‍കുന്നുണ്ട്. കഴിഞ്ഞ മത്സരത്തില്‍ വാര്‍ണര്‍-ജോണി ബെയര്‍സ്റ്റോ ഓപ്പണിങ്ങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ മിന്നുന്ന തുടക്കം മുതലാക്കാനായില്ല. മധ്യനിരയില്‍ പക്വതയോടെ കളിക്കാന്‍ ആളില്ലാത്തതാണ് ഹൈദരാബാദിന്റെ പ്രശ്‌നം.
ആദ്യ മത്സരത്തില്‍ പരിക്ക് മൂലം പുറത്തിരുന്ന നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ന് കളിക്കുമെന്നാണ് സൂചന. വില്ല്യംസണിന്റെ തിരിച്ചുവരവ് ബാറ്റിങ്‌നിരയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കും. ഓള്‍റൗണ്ടര്‍മാരായ ഷക്കീബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, വിജയ് ശങ്കര്‍ എന്നിവരുടെ പ്രകടനമാകും മത്സരത്തില്‍ ഹൈദരാബാദിന്റെ വിധി നിര്‍ണയിക്കുക.
നായകന്‍ അജിങ്ക്യ രഹാനെ-ജോസ് ബട്‌ലര്‍ സഖ്യമാണ് രാജസ്ഥാന്റെ കരുത്ത്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ മധ്യനിരയില്‍ ആഞ്ഞടിച്ചാല്‍ രാജസ്ഥാന് കാര്യങ്ങള്‍ എളുപ്പമാകും.
കഴിഞ്ഞ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച മലയാളി താരം സഞ്ചു സാംസണ്‍ ഇത്തവണ വലിയ സ്‌കോര്‍ കണ്ടെത്തേണ്ടതുണ്ട്. ഫാസ്റ്റ് ബൗളര്‍മാരായി കുല്‍ക്കര്‍ണിയും ഉനദ്ഘട്ടും ടീമിലുണ്ടെങ്കിലും സ്ഥിരതയുള്ള ബൗളറുടെ അഭാവം ടീമിനെ കുഴക്കുന്നുണ്ട്. ജോഫ്രെ ആര്‍ച്ചര്‍ എന്ന ഓള്‍ റൗണ്ടറാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാനായി തിളങ്ങിയ താരം. അവസാന ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ ഏറെ പിശുക്ക് കാണിക്കുന്ന ആര്‍ച്ചര്‍ ടീമിന്റെ കുന്തമുനയാകുമെന്നുറപ്പ്.
















