അബുദാബി: ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിക്കടുത്ത പ്രകടനവും ആദം സാംബയുടെ ബൗളിങ്ങ് മികവും ഓസ്‌ട്രേലിയയ്‌ക്ക് വിജയമൊരുക്കി. മൂന്നാം ഏകദിനത്തില്‍ അവര്‍ എണ്‍പത് റണ്‍സിന് പാക്കിസ്ഥാനെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസിന് 3-0ന്റെ അപാജിത ലീഡായി.
ആരോണ്‍ ഫിഞ്ച് 136 പന്തില്‍ നേടിയ 90 റണ്‍സിന്റെ പിന്‍ബലത്തില്‍ ഓസീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 266 റണ്‍സ് കുറിച്ചു. മറുപടി പറഞ്ഞ പാക്കിസ്ഥാനെ അവര്‍ 44.4 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടാക്കി.
സാംബ 43 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതെടുത്തു. പേസര്‍ പാറ്റ് കമിന്‍സ് 24 റണ്‍സിന് മുന്ന് വിക്കറ്റുകളും വീഴ്‌ത്തി.
തുടക്കത്തില്‍ തന്നെ കമിന്‍സ് ഷാന്‍ മസൂദ് (രണ്ട്), ഹാരിസ് സോഹയ്ല്‍ (ഒന്ന്), മുഹമ്മദ് റിസ്‌വാന്‍ (പൂജ്യം) എന്നിവരെ പുറത്താക്കിയതോടെ പാക്കിസ്ഥാന്‍ മൂന്നിന് 16 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. ഇമാം-ഉള്‍ ഹഖും (46) ഷൊയബ് മാലിക്കും (32) നാലാം വിക്കറ്റില്‍ 59 റണ്‍സ് നേടി പാക്കിസ്ഥാനെ കരയകറ്റാന്‍ ശ്രമിച്ചു. പക്ഷെ ഇവര്‍ പുറത്തായതോടെ പാക്കിസ്ഥാന്‍ പരാജയത്തിലേക്ക്് നിങ്ങി.
ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ആരോണ്‍ ഫിഞ്ചിന് പത്ത് റണ്‍സിനാണ് റെക്കോഡ് നഷ്ടമായത്. മൂന്നാം മത്സരത്തില്‍ പത്ത് റണ്‍സിനാണ് ഫിഞ്ചിന് സെഞ്ചുറി നഷ്ടമായത്. നൂറ് തികച്ചിരുന്നെങ്കില്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഓസീസ് താരമെന്ന റെക്കോഡ് സ്വന്തമായേനെ.
ആദ്യ രണ്ട് ഏകദിനങ്ങളിലും ഓസ്‌ട്രേലിയ എട്ട് വിക്കറ്റിനാണ് വിജയിച്ചത്. അവസാന രണ്ട് മത്സരങ്ങള്‍ ദുബായിയില്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
















