ജയ്‌പ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിനെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ആരാധകരും മുന്‍ കളിക്കാരും. ക്രിക്കറ്റിന്റെ മാന്യതയ്‌ക്ക് നിരക്കാത്ത പ്രവൃത്തിയാണിതെന്നാണ് പലരും വിശേഷിപ്പിച്ചത്.
തിങ്കളാഴച രാത്രി നടന്ന ഐപിഎല്‍ മത്സരത്തിലാണ് അശ്വിന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്. തകര്‍ത്തടിച്ച രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ പുറത്താക്കാനാണ് കിങ്ങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ അറ്റകൈ പ്രയോഗിച്ചത്.
പതിമൂന്നാം ഓവറിലാണ് സംഭവം. അഞ്ചാം പന്ത് എറിയാനായി ഓടിയെത്തിയ അശ്വിന്‍ ഇടയ്‌ക്ക് വച്ച് ആക്ഷന്‍ നിര്‍ത്തി. ഈ സമയം നോണ്‍ സ്‌ട്രൈക്കര്‍ ഏന്‍ഡിലുണ്ടായിരുന്ന ജോസ് ബട്‌ലര്‍ സ്‌ട്രൈക്കര്‍ സഞ്ജുവിനെ നോക്കി പതുക്കെ ക്രീസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. ഈ തക്കം നോക്കി അശ്വിന്‍ സ്റ്റമ്പിളക്കി. റണ്‍ഔട്ടിനായി അപ്പീലും ചെയ്തു. ബട്‌ലര്‍ ക്രീസ് വിടാന്‍ കാത്തുനിന്നശേഷമാണ് സ്റ്റമ്പിളക്കിയത്. ബട്‌ലര്‍ അശ്വിനോട് തകര്‍ക്കിച്ചെങ്കിലും റിപ്ലേയില്‍ ബട്‌ലര്‍ ക്രിസ് വിട്ടതായി വ്യക്തമായതോടെ അമ്പയര്‍ ഔട്ട് വിളിച്ചു. 43 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 69 റണ്‍സ് ബട്‌ലര്‍ നേടി.
ബട്‌ലര്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ രണ്ടിന് 108 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. പക്ഷെ പിന്നീട് വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞതോടെ രാജസ്ഥാന് കിങ്ങ്‌സ് ഇലവന്‍ മുന്നോട്ട്് വച്ച 185 റണ്‍സെന്ന വിജയലക്ഷ്യം മറികടക്കാനായില്ല. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 170 റണ്‍സ് കുറിച്ച രാജസ്ഥാന്‍ പതിനാല് റണ്‍സിന് തോറ്റു. ആദ്യം ബാറ്റ് ചെയ്ത കിങ്ങ്‌സ് ഇലവന്‍ ഇരുപത് ഓവറില്‍ നാല് വിക്കറ്റിന് 184 റണ്‍സാണെടുത്തത്്. ഗെയ്ല്‍ 47 പന്തില്‍ നാലു സിക്‌സറും എട്ട് ഫോറുമടക്കം നേടിയ 79 റണ്‍സാണ് അവര്‍ക്ക് മികച്ച് സ്‌കോര്‍ നേടിക്കൊടുത്തത്.
ക്രിക്കറ്റിലെ മാന്യതയ്‌ക്ക് നിരക്കാത്ത മങ്കാദിങ് ഇതിന് മുമ്പും അശ്വിന്‍ പ്രയോഗിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ താരം ലഹിരു തിരിമാനയെയാണ് അശ്വിന്‍ ഇതേ രൂപത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചത്. പക്ഷെ അന്ന് ക്യാപ്റ്റന്‍ വീരേന്ദ്ര സെവാഗ് അപ്പീല്‍ പിന്‍വലിച്ചു.
അശ്വിന്റെ ചതി പ്രയോഗം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു. ദക്ഷിണാഫ്രിക്കന്‍ താരമായ ഡെയ്ല്‍ സ്‌റ്റെയിന്‍, ഓസീസ് താരം ഷെയ്ന്‍ വോണ്‍, ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്, ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ എന്നിവരൊക്കെ അശ്വിനെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.
















