പാരീസ്: കളം നിറഞ്ഞുകളിച്ച കൈലിയന്‍ എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍സ് യോഗ്യതാ റൗണ്ടില്‍ അവര്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ കീഴടക്കി. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്ത എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയശില്‍പ്പി.
ഈ വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഫ്രാന്‍സിന് ആറു പോയിന്റായി. തുര്‍ക്കിക്കും രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ഫ്രാന്‍സിന് പിന്നിലാണ്.കളിയുടെ തുടക്കം മുതല്‍ എംബാപ്പെ ഭംഗിയായി കളിച്ചു. പതിനൊന്നാം മിനിറ്റില്‍ ആദ്യ ഗോളിന് വഴിയുമൊരുക്കി. പവാഡിന്റെ ക്രോസ് പിടിച്ചെടുത്ത്് എംബാപ്പെ ഉയര്‍ത്തിവിട്ട പന്തില്‍ തലവെച്ച് ഉംറ്റിറ്റി ആദ്യ ഗോള്‍ കുറിച്ചു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് 1- 0ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒലിവര്‍ ജിരൂദ് ഫ്രാന്‍സിന്റെ ലീഡ് 2-0 ആക്കി. പത്ത് മിനിറ്റുകള്‍ക്കുശേഷം എംബാപ്പെ ലക്ഷ്യം കണ്ടു. രണ്ട് പ്രതിരോധനിരക്കാര്‍ക്ക് ഇടയിലൂടെ ഗ്രീസ്മാന്‍ നീട്ടിക്കൊടുത്ത പന്ത് എംബാപ്പെ അനായാസം വലയിലാക്കി. 84-ാം മിനിറ്റില്‍ നാലാം ഗോളും വീണു. എംബാപ്പെയുടെ പാസ് മുതലാക്കി ഗ്രീസ്മാനാണ് സ്‌കോര്‍ ചെയ്ത്.ഫ്രാന്‍സ് അടുത്ത മത്സരത്തില്‍ ജൂണ്‍ എട്ടിന് തുര്‍ക്കിയേയും ഐസ് ലന്‍ഡ് അന്ന് അല്‍ബേനിയയേയും എതിരിടും.
















