നൗകാമ്പ്: ചാമ്പ്യന്‍സ് ലീഗില്‍ ഇതിഹാസങ്ങള്‍ ഉദിച്ചുയരുന്നു. റൊണാള്‍ഡോയെന്ന മാന്ത്രികന്‍ ഒരു രാത്രി മുമ്പ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ മറുചേരിയില്‍ മിശിഹ വിജയനായകനായി. 2019 റൊണാള്‍ഡോ-മെസി താരനിരയുടെ അന്ത്യമെന്ന് വിശേഷിപ്പിച്ചവരുടെ വായ്‌മൂടിക്കെട്ടി സൂപ്പര്‍ താരങ്ങള്‍.
അഞ്ച് വീതം ഫിഫ പുരസ്‌കാരങ്ങള്‍ നേടി ലോകത്തെ മികച്ച താരങ്ങള്‍ തങ്ങളെന്ന് തെളിയിച്ച ഇരുവര്‍ക്കും എന്നാല്‍ കഴിഞ്ഞ വര്‍ഷം പല പുരസ്‌കാരങ്ങളും അകന്നുനിന്നു. റൊണോ റയല്‍ വിട്ട് യുവന്റസിലെത്തി. ലാലിഗയില്‍ മെസി-റൊണാള്‍ഡോ പോരാട്ടം അവസാനിച്ചു. എംബാപ്പെ, നെയ്‌മര്‍, ഗ്രീസ്മാന്‍, സലാ എന്നിവര്‍ പുതുരാജക്കന്മാരായി. എന്നാല്‍ അത്‌ലറ്റികോക്കെതിരെ റൊണോയും ലിയോണിനെതിരെ മെസിയും കാട്ടിയത് പുതു തലമുറയെ കൊതിപ്പിക്കുന്ന പോരാട്ടവീര്യം. റൊണോയുടെ ഹാട്രിക്കിന് മെസി മറുപടി നല്‍കിയത് രണ്ട് ഗോളും രണ്ട് അസിസ്റ്റും നല്‍കി. 124 ഗോളുകളുമായി ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ് റൊണാള്‍ഡോ. 108 ഗോളുകള്‍ നേടിയ മെസി പട്ടികയില്‍ രണ്ടാം സ്ഥാനത്തും. ഈ നിരയില്‍ നൂറു ഗോള്‍ നേടിയ മറ്റൊരു താരവുമില്ല. ചാമ്പ്യന്‍സ് ലീഗ് മുന്നോട്ടു പോകുംതോറും ഇരുവരും നേര്‍ക്കുനേര്‍ വരുന്ന സൂപ്പര്‍ പോരാട്ടം കാത്തിരിക്കുകയാണ് ആരാധകര്‍.
















