മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ദയനീയ പ്രകടനം നടത്തുന്ന റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാനെത്തുന്ന സിനദിന്‍ സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. കഴിഞ്ഞ സീസണില്‍ റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു സിദാന്‍ റയലിന്റെ പരിശീലകനെന്ന പദവി അഴിച്ചുവെച്ചത്. എന്നാല്‍ ഒമ്പത് മാസത്തിനുശേഷം അതേ സിദാനെ വീണ്ടും പരിശീലകനായി അവരോധിച്ചിരിക്കുകയാണ് റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസ്. 2022 വരെയാണ് സിദാനുമായി ക്ലബ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. നിലവില്‍ പരിശീലകനായിരുന്ന സാന്റിയാഗോ സൊളാരിക്ക് പകരക്കാരനായാണ് സിദാന്റെ നിയമനം.
രണ്ടാഴ്ചക്കിടെ എല്‍ ക്ലാസ്സിക്കോയില്‍ ബാഴ്‌സലോണയോട് രണ്ടു തവണയും യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്‌സിനോടും തോറ്റതാണ് സൊളാരിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ ദിവസം ലാ ലിഗയില്‍ റയല്‍ വല്ലഡോൡഡിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് റയല്‍ ജയിച്ചിട്ടും സൊളാരിക്ക് റയല്‍ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങേണ്ടിവരികയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30ന് ജുലെന്‍ ലൊപ്പറ്റെഗുയിയുടെ പകരക്കാരനായാണ് സൊളാരി റയലിന്റെ താല്‍ക്കാലിക പരിശീലകന്റെ റോള്‍ ഏറ്റെടുത്തത്. തുടക്കത്തില്‍ റയല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും അത് നിലനിര്‍ത്താന്‍ സൊളാരി എന്ന പരിശീലകന് കഴിഞ്ഞില്ല. ടീമിലെ പടലപിണക്കങ്ങളും മറ്റും സൊളാരിക്ക് തിരിച്ചടിയാവുകയും ചെയ്തു. ഇതിനിടെ 2018-ലെ ഫിഫ ക്ലബ് ലോകകപ്പ് റയലിന് നേടിക്കൊടുത്തു.
രണ്ടാം വരവില്‍ സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ക്രിസ്റ്റിയാനോ യുവന്റസിലേക്ക് ചേക്കേറിയതോടെയാണ് റയലിന്റെ കഷ്ടകാലം തുടങ്ങിയത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ടീമിനായില്ല. ഇത്തവണ ലീഗ് കിരീടം നേടാനുള്ള സാധ്യതയും ഇല്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് റയല്‍. 27 കളികളില്‍ നിന്ന് 51 പോയിന്റ്. 56 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ചിരവൈരികളായ ബാഴ്സലോണ 63 പോയിന്റോടെ ഒന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റെ വ്യത്യാസമുള്ളതിനാല്‍ റയല്‍ ലീഗ് കിരീടം നേടാന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ഇനി സിദാന്റെ പ്രഥമ ലക്ഷ്യം അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്ക് റയലിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ്. ഒപ്പം സൂപ്പര്‍ താരങ്ങളടങ്ങിയ താരനിരയെ ഒത്തൊരുമയോടെ മുന്നോട്ടു കൊണ്ടുപോവുകയും വേണം. നേരത്തെ അതിന് കഴിയുമെന്ന് തെളിയിച്ചതുമാണ് സിദാന്‍. 2016 മുതല്‍ 2018 വരെ റയലിനെ പരിശീലിപ്പിച്ച സിദാന്റെ കീഴില്‍ ടീം ഒമ്പത് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 3 ചാമ്പ്യന്‍സ് ലീഗ്, 2 ക്ലബ് ലോകകപ്പ്, 2 യുവേഫ സൂപ്പര്‍ കപ്പ്, ഒന്നു വീതം ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയാണത്.
സിദാന്റെ രണ്ടാം വരവ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന റയലിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് പ്രസിഡന്റ് പെരസും ആരാധകരും.
















