ന്യൂദല്‍ഹി: 2020ലെ ടോക്കിയോ ഒളിംപിക്‌സിന് മുന്നോടിയായി ഫ്‌ളോറിഡ ഐഎംജി അക്കാദമിയില്‍ ചേര്‍ന്ന് പരിശീലനത്തിനായി ഇന്ത്യന്‍ അത്‌ലറ്റ് ദ്യുതി ചന്ദ്. തന്റെ പതിവ് ശൈലിയില്‍ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 100 മീറ്റര്‍ ഓട്ടക്കാരിയായ ദ്യുതി അക്കാദമിയില്‍ ചേര്‍ന്നത്.
മെയിലാരംഭിക്കുന്ന ഫെഡറേഷന്‍ കപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷപ്പ് എന്നിവയ്‌ക്കു മുന്‍പ് രണ്ട് മാസം ഫ്‌ളോറിഡയില്‍ പരിശീലനം നേടുകയാണ് ദ്യുതി. മത്സരത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മത്സരത്തെ ബാധിക്കാറുണ്ട്. ഇവ ഒഴിവാക്കുന്നതിനായാണ് പരിശീലനം.
ശരീരത്തിനുണ്ടാകുന്ന ബലക്കുറവ് പലപ്പോഴും ഓട്ടത്തിന്റെ വേഗത കുറയുന്നതിന് കാരണമാകുന്നു. മത്സരത്തിന്റെ അവസാനം പിരിമുറുക്കമനുഭവപ്പെടുകയും പിന്നിലേക്ക് വലിക്കുന്നതുപോലെ അനുഭവപ്പെടുന്നു, ദ്യുതി പറഞ്ഞു. ഈ സാഹചര്യത്തില്‍ കുറച്ച് ദൂരം മാത്രമേ പരിശീലനം നടത്താവൂ എന്നാണ് കോച്ചിന്റെ നിര്‍ദേശം.
ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് ശേഷം ഫ്‌ളോറിഡയിലെക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് യാത്ര മാറ്റി. ഏഷ്യാഡില്‍ ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് കോടി രൂപയും ഇതുവരെ ദ്യുതിക്ക് ലഭിച്ചിട്ടില്ല. തന്നെ ടാര്‍ഗെറ്റ് ഒളിംപിക് സ്‌കീമിന്റെ ഭാഗമാക്കുമെന്ന് കേന്ദ്ര കായിക മന്ത്രിയും സായി ഡയറക്ടറും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ദ്യുതി പറഞ്ഞു.
















