മാഡ്രിഡ്: ലാലിഗയില്‍ അത്‌ലറ്റികോ, വലന്‍സിയ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റികോ, റയല്‍ സോസിഡാഡിനെയും വലന്‍സിയ, ബില്‍ബാവോയെയും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തകര്‍ത്തു.
അല്‍വാറോ മൊറാട്ടയുടെ (30, 33) ഇരട്ട ഗോള്‍ മികവിലാണ് അത്‌ലറ്റികോ ജയിച്ചു കയറിയത്. വായ്‌പാടിസ്ഥാനത്തില്‍ ചെല്‍സിയില്‍നിന്ന് അത്‌ലറ്റികോയിലെത്തിയ മൊറാട്ട, കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നേടുന്ന മൂന്നാം ഗോളാണിത്. വിജയത്തോടെ അത്‌ലറ്റികോ കിരീട പ്രതീക്ഷ നിലനിര്‍ത്തി. നിലവില്‍ ഒന്നാമതുള്ള ബാഴ്‌സലോണയെക്കാള്‍ ഏഴു പോയിന്റ് മാത്രം പിന്നിലാണ് അത്‌ലറ്റികോ.
കഴിഞ്ഞ മാസം റയല്‍ ബെറ്റിസ്, റയല്‍ മാഡ്രിഡ് ടീമുകളോട് പരാജയപ്പെട്ട ശേഷം മികച്ച തിരിച്ചുവരവ് നടത്തുന്ന അത്‌ലറ്റികോ, ലീഗില്‍ തുടര്‍ച്ചയായി നേടുന്ന മൂന്നാം ജയമാണിത്.
മറ്റൊരു മത്സരത്തില്‍ മൊറീനോ റോഡ്രിഗൊയുടെയും (49) കെവിന്‍ ഗാമിറോയുടെയും (89) മികവില്‍ വലന്‍സിയയും വിജയം കണ്ടു. ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിക്ക് ശേഷം കടുത്ത ആക്രമണം അഴിച്ചുവിട്ട വലന്‍സിയ രണ്ടാം പകുതിയുടെ തുടക്കത്തിലെ ലക്ഷ്യം കണുകയായിരുന്നു. വിജയത്തോടെ വലന്‍സിയ ഇരുപത്താറു കളികളില്‍നിന്ന് മുപ്പത്താറു പോയിന്റേുമായി ഏഴാം സ്ഥാനത്തെത്തി.
















